ട്രംപിന്റെ സ്വീകരണം; ചെലവഴിക്കുന്ന പണത്തെ കുറിച്ചുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രിയങ്ക


FEBRUARY 22, 2020, 2:49 PM IST

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ചെലവഴിക്കുന്ന പണത്തെ കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ട്രംപിന് വേണ്ടി ചെലവഴിക്കുന്ന തുകയും ഏത് മന്ത്രാലയമാണ് പണം നല്കുന്നതെന്നും അറിയാന്‍ രാജ്യത്തിന് അവകാശമില്ലേയെന്നും പ്രിയങ്ക ട്വിറ്ററില്‍ ചോദ്യം ഉന്നയിച്ചു. 

ഒരു കമ്മിറ്റി വഴിയാണ് ട്രംപിന്റെ സ്വീകരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ കമ്മിറ്റിയില്‍ ആരൊക്കെയാണ് ഉള്ളതെന്ന കാര്യം അതിലുള്ളവര്‍ക്ക് പോലും അറിയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക 100 കോടി രൂപയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചെലവഴിക്കുന്നതെന്നും പറഞ്ഞു. ഏത് മന്ത്രാലയമാണ് പണം ചെലവഴിക്കുന്നതെന്നും എത്ര തുകയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നതെന്നും അറിയാന്‍ രാജ്യത്തിന് അവകാശമില്ലേ എന്നു ചോദിച്ച പ്രിയങ്ക കമ്മിറ്റിയുടെ കണ്ണില്‍ നിന്നും എന്താണ് സര്‍ക്കാര്‍ മറക്കുന്നതെന്നും ചോദ്യം ഉന്നയിച്ചു. 

ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതി എന്ന സംഘടനയാണ് നമസ്‌തേ ട്രംപ് എന്ന പരിപാടി നടത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ സംഘടനയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്നും പുറത്തറിയില്ല. 

ഈ മാസം 24നാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപിനെ സ്വീകരിക്കുന്നതിന് വേണ്ടി നഗരത്തിന്റെ മുഖംമിനുക്കാന്‍ മാത്രം 80 മുതല്‍ 85 കോടി രൂപ വരെയാണ് ചെലവഴിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിന്റെ മൊത്തം വാര്‍ഷിക ബജറ്റിന്റെ ഒന്നര ശതമാനമാണ് ട്രംപിന്റെ വരവിനായി ചെലവഴിക്കുന്ന തുക. 

മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനത്തിനായി പോകുന്ന 22 കിലോമീറ്റര്‍ ദൂരത്തില്‍ ഒരുലക്ഷത്തോളം പേരെ അണിനിരത്തുമെന്നാണ് ട്രംപ് സ്വീകരണ കമ്മിറ്റി പറയുന്നത്. എന്നാല്‍ ഒരു കോടി പേരെ അണിനിരത്തുമെന്നാണ് മോദി ഉറപ്പു നല്കിയിരിക്കുന്നതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. സ്റ്റേഡിയത്തിന് മുമ്പില്‍ മാത്രം സുരക്ഷയ്ക്കായി 1200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 30 കോടി രൂപ ചെലവിട്ടതായാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പറയുന്നത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. ചേരികളുള്ള പ്രദേശങ്ങളില്‍ അഞ്ചടി ഉയരമുള്ള മതിലുകള്‍ നിര്‍മിക്കുകയും പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച് പാതയോരങ്ങള്‍ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യവത്ക്കരണത്തിന് വേണ്ടി മാത്രം ആറു കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 

ചേരി നിവാസികളേയും വിമാനത്താവളത്തിന് സമീപത്തെ കുരങ്ങന്മാരേയും കൂട്ടത്തോടെ ഒഴിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. 

എന്നാല്‍ രണ്ടുദിവസം ഇന്ത്യയിലുള്ള ട്രംപിന് വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോഴും ഇന്ത്യയുമായി ഏതൊക്കെ കരാറുകളാണ് ഒപ്പിടുകയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ ഉത്തരം കേന്ദ്രസര്‍ക്കാര്‍ നല്കിയിട്ടില്ല. ഏകദേശം അഞ്ച് ധാരണാപത്രങ്ങള്‍ എന്നുമാത്രമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഈ ചോദ്യത്തിന് നല്കിയ മറുപടി. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാവില്ലെന്ന് നേരത്തെ തന്നെ അമേരിക്ക വ്യക്തമായിരിക്കുന്നു. അതോടൊപ്പം മതസ്വാതന്ത്ര്യവും ചര്‍ച്ചയാകുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. 

Other News