മുംബൈ: യുക്തിവാദിയായ നരേന്ദ്ര ദാഭോല്‍ക്കറെ 2013ല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് കോമ്പീറ്റന്റ് അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍, സിബിഐ ഈ കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നും ഇനിയും അന്വേഷിക്കേണ്ട നിരവധി പഴുതുകളുണ്ടെന്നും ദബോല്‍ക്കറുടെ മകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സ്ഥാപകനായ ദഭോല്‍ക്കറെ (67) 2013 ഓഗസ്റ്റ് 20 ന് പൂനെയില്‍ പ്രഭാത നടത്തത്തിനിടെ സനാതന്‍ സന്‍സ്ത എന്ന തീവ്ര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഇതുവരെ അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിന്റെ അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാന്‍ ഈ മാസം ആദ്യം ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് തിങ്കളാഴ്ച ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പി ഡി നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.
'സി.ബി.ഐയെ സംബന്ധിച്ചിടത്തോളം, അന്വേഷണം നടത്തി, ഇപ്പോള്‍ പൂര്‍ത്തിയായി. 32 സാക്ഷികളില്‍ 15 പേരെ ഇതിനകം വിചാരണയില്‍ വിസ്തരിച്ചു,' സിംഗ് കോടതിയെ അറിയിച്ചു.
കേസ് അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം ഏജന്‍സിയുടെ ഉത്തരവാദിത്തമുള്ള അധികാരി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍ എഎസ്ജി മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ച ഹൈക്കോടതി കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റി.
കേസിന്റെ അന്വേഷണ പുരോഗതി കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര ദാഭോല്‍ക്കറുടെ മകള്‍ മുക്ത ദാഭോല്‍ക്കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.സാമൂഹിക പ്രവര്‍ത്തകന്‍ കേതന്‍ തിരോദ്കറും പിന്നീട് മുക്ത ദാഭോല്‍ക്കറും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് 2014-ല്‍ ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. അന്നുമുതല്‍ കേസിലെ പുരോഗതി ഹൈക്കോടതി നിരീക്ഷിച്ചുവരികയാണ്.
2014ല്‍ പൂനെ സിറ്റി പോലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത സി.ബി.ഐ ഇതുവരെ അഞ്ച് പ്രതികളെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
സി.ബി.ഐ കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നും ഇനിയും അന്വേഷിക്കേണ്ട നിരവധി പഴുതുകളുണ്ടെന്നും മുക്ത ദാഭോല്‍ക്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭയ് നേവാഗി തിങ്കളാഴ്ച ഹൈക്കോടതിക്ക് മുമ്പാകെ അവകാശപ്പെട്ടു.
കേസില്‍ സി.ബി.ഐ അന്വേഷണം തുടരണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.