സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം-സുപ്രീംകോടതി


FEBRUARY 14, 2020, 7:29 AM IST

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ഥിയെ തീരുമാനിച്ചു 48 മണിക്കൂറിനുള്ളില്‍ എന്തുകൊണ്ടാണ് ഇയാളെ മത്സരിപ്പിക്കുന്നതെന്ന കാര്യം സമുഹമാധ്യമങ്ങളിലും പിന്നീട് പത്രങ്ങളിലൂടെയും അറിയിക്കണം. 72 മണിക്കൂറിനുള്ളില്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണമെന്ന ഹര്‍ജിയിലായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വര്‍ധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാല് പൊതു തെരഞ്ഞെടുപ്പുകളില്‍ ഈ പ്രവണത കാണുന്നുണ്ട്. 2004ല്‍ 24 ശതമാനം പാര്‍ലമെന്റംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു. 2009ല്‍ അത് 30 ശതമാനമായി ഉയര്‍ന്നു. 2014ല്‍ 34 ശതമാനം, 2019ല്‍ 43 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കാന്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു 48 മണിക്കൂറിനുള്ളില്‍ അവരുടെ വെബ്സൈറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് ഇത്തരം സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കുന്നതെന്നു വ്യക്തമാക്കണം. വിജയസാധ്യത മാത്രം മാനദണ്ഡം ആകരുത്. വിവരങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും നല്‍കണം, ഇത് നടപ്പാക്കിയശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ദേശീയ പത്രത്തിലും പ്രാദേശിക പത്രത്തിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കണം എന്നിങ്ങനെയാണ് കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കും.

Other News