മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധിയ്ക്ക് ജാമ്യം


JULY 12, 2019, 6:58 PM IST

അഹമ്മദാബാദ്:  നോട്ടുനിരോധനത്തിന് പിറകെ 745 കോടിരൂപയുടെ അഴിമതി നടത്തിയെന്ന പരാമര്‍ശത്തിനെതിരെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം. അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് ജാമ്യമനുവദിച്ചത്.  ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഡയറക്ടറായ ബാങ്കാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. 

രാഹുല്‍ഗാന്ധി ബാങ്കിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണമാണെന്ന് പരാതിക്കാര്‍ വാദിക്കുന്നു. രാഹുലിന് പുറമെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലക്കുമെതിരെയും സമാന ആരോപണത്തിന്റെ പേരില്‍ ബാങ്ക് മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ക്കുമെതിരെ ഏപ്രില്‍ ഒമ്പതിന് കോടതി സമന്‍സ് അയച്ചു. ആ കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 

അതേസമയം കേസില്‍ ഹാജരാകാനായി ഇന്ന് ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ ബി.ജെ.പിയേയും അവരുടെ ആശയങ്ങളേയും വിമര്‍ശിക്കാന്‍ അവസരം നല്‍കിയതിന് അമിത് ഷായ്ക്കും മറ്റുനേതാക്കള്‍ക്കും നന്ദി അറിയിച്ചു. ബാങ്കും ചെയര്‍മാന്‍ അജയ് പട്ടേലും നല്‍കിയ കേസിലാണ് കോടതി ജാമ്യമനുവദിച്ചത്. 

Other News