ആഗോള റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് വീണു, മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി


AUGUST 2, 2019, 4:23 PM IST

ന്യൂഡല്‍ഹി: 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍. 2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. റാങ്കിങില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം.  13.6 ട്രില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 2018ല്‍ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യണ്‍ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാന്‍സിന്റെയുമാകട്ടെ 2.8 ട്രില്യണ്‍ ഡോളറായിരുന്നു. ജര്‍മനിക്കാണ് നാലാംസ്ഥാനം(3.99 ട്രില്യണ്‍ ഡോളര്‍).

2017ല്‍ 2.65 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി. അതേകാലയളവില്‍ യുകെയുടേത് 2.64 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റെ ജിഡിപി 2.5 ട്രില്യണ്‍ ഡോളറുമായിരുന്നു.ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തില്‍ ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. അതേസമയം പുതിയ റാങ്കിംഗിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന പാളം തെറ്റിയെന്ന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇനി വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ കാലമാണെന്നും  ട്വിറ്ററിലൂടെ രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കി.

''മിസ്റ്റര്‍ പി.എം., സമ്പദ്ഘടന പാളം തെറ്റിയിരിക്കുന്നു. വെളിച്ചത്തിന്റെ ഒരു കണിക പോലും കാണാനില്ലെന്നാണു തോന്നുന്നത്. വെളിച്ചം കാണുന്നുണ്ടെന്നാണു താങ്കളുടെ കഴിവുകെട്ട ധനമന്ത്രി താങ്കളോടു പറയുന്നതെങ്കില്‍ എന്നെ വിശ്വസിക്കൂ, മാന്ദ്യത്തിന്റെ തീവണ്ടിയാണ് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Other News