രാജ്യത്തിന്റെ ദുരന്തം കാണാതെ സെന്‍ട്രല്‍ വിസ്ത മാത്രം കാണുന്ന കണ്ണട എടുത്തുമാറ്റണമെന്ന് മോദിയോട് രാഹുല്‍


MAY 11, 2021, 7:30 PM IST

ന്യൂഡല്‍ഹി: നദികളില്‍ എണ്ണമറ്റ മൃതദേഹങ്ങള്‍ ഒഴുകിനടക്കുമ്പോഴും ആശുപത്രികളില്‍ മൈലുകളോളം നീണ്ട ക്യൂ നില്‍ക്കുമ്പോഴഉം സെന്‍ട്രല്‍ വിസ്തയല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കാത്ത കണ്ണട എടുത്തു മാറ്റണമെന്ന് മോദിയോട് രാഹുല്‍ ഗാന്ധി. ജീവന്‍ രക്ഷിക്കാനുള്ള അവകാശങ്ങള്‍ വരെ മോദി എടുത്തുമാറ്റിയിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. 

രാജ്യത്തിന് ആവശ്യം ജീവശ്വാസമാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നുമുള്ള രൂക്ഷവിമര്‍ശനം കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. 

ബീഹാറിലെ ബക്‌സറില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞത് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദിയിലെറിഞ്ഞതാണെന്ന ആരോപണമാണ് ബീഹാര്‍ അധികൃതര്‍ ഉന്നയിച്ചത്. ഹാമിര്‍പൂരില്‍ ശനിയാഴ്ച യമുനാ നദിയിലും പാതികത്തിയ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. വെളിപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ തെളിവാണിതെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. 

ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്കുന്നതിന് പകരം സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധിയും ആരോപിച്ചിരുന്നു.

Other News