ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്ന് പ്രാഥമിക നിഗമനം


JUNE 4, 2023, 6:48 AM IST

ന്യൂഡല്‍ഹി: ഒഡീഷയില്‍ 288 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാക്കിയ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്ന് പ്രാഥമിക നിഗമനം.  പ്രഥമദൃഷ്ട്യാ സിഗ്‌നലിങ്ങിലെ പിശകിനുള്ള സാധ്യതയാണ് റെയില്‍വേ അന്വേഷിക്കുന്നതെന്ന് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒഡീഷയിലെ ബാലസോറില്‍വച്ച് ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റിയതിനുപിന്നാലെ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 900-ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു ചരക്ക് ട്രെയിനും കൂട്ടിയിടിയില്‍ അകപ്പെട്ടു.

നിശ്ചിത ലൈനിലൂടെ കടന്നുപോകാന്‍ കൊറോമാണ്ടല്‍ എക്‌സ്പ്രസിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കി, തുടര്‍ന്ന് സിഗ്‌നല്‍ പിന്‍വലിച്ചതായി ഒരു മള്‍ട്ടി-ഡിസിപ്ലിനറി ജോയിന്റ്-ഇന്‍സ്‌പെക്ഷന്‍ കുറിപ്പില്‍ സൂപ്പര്‍വൈസര്‍മാര്‍ പറഞ്ഞു. എന്നാല്‍ ട്രെയിന്‍ ലൂപ്പ് ലൈനില്‍ പ്രവേശിച്ച് സ്റ്റേഷണറി ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ച് പാളം തെറ്റി. അതേസമയം, ഡൗണ്‍ ലൈനില്‍ യശ്വന്ത്പൂരില്‍ നിന്നുള്ള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ എത്തി, അതിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി.

12841 നുള്ള സിഗ്‌നല്‍ മെയിന്‍ ലൈനില്‍ നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഈ ട്രെയിന്‍ ലൂപ്പ് ലൈനില്‍ പ്രവേശിച്ച് അതുവഴി വരികയായിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയതായി കുറിപ്പില്‍ പറയുന്നു. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

സിഗ്‌നല്‍ നല്‍കിയതിലെ പിശകാണോ അതോ ലോക്കോ പൈലറ്റിന്റെ അശ്രദ്ധയാണോ അപകടത്തിന് ഇടയാക്കിയതെന്ന് റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്ന് ഒരു പ്രധാന ഉറവിടം പറഞ്ഞു. അതേസമയം, പാളം തെറ്റിയതിനു പിന്നിലെ കാരണത്തെക്കുറിച്ച് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല.

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 900 ത്തോളം പേര്‍ക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബലേശ്വറില്‍വച്ച് ഇന്നലെ രാത്രിയാണ് ഷാലിമാര്‍-ചെന്നൈ കൊറോമണ്ടല്‍ എക്‌സ്പ്രസും യശ്വന്തറില്‍നിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചത്.

Other News