ഡോ. രാജേന്ദ്ര പച്ചൗരി അന്തരിച്ചു


FEBRUARY 14, 2020, 12:08 AM IST

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ദി എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ. പച്ചൗരി (ആര്‍.കെ പച്ചൗരി -79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവാഴ്ച മുതല്‍ വെന്റിലേറ്ററിലായിരുന്നു. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കു 2001ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 2007ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട യു.എന്‍ കലാവസ്ഥ വ്യതിയാന ഗവേഷണ സമിതിയുടെ (ഐ.പി.സി.സി) അധ്യക്ഷനുമായിരുന്നു. 

1940 ആഗസ്റ്റ് 20നു നൈനിറ്റാളില്‍ ജനിച്ച പച്ചൗരി ലക്‌നോയിലും ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വരണാസിയിലെ ഡീസല്‍ ലോക്കോമോട്ടീവില്‍ എന്‍ജിനീയറിട്ടായിരുന്നു പച്ചൗരി ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് അമേരിക്കയിലേക്കു പോയ അദ്ദഹം ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ദീര്‍ഘകാലം അവിടെ അധ്യാപകനായിരുന്നു. 1975ലാണ് ഇന്ത്യയിലേക്കു തിരികെയെത്തിയത്. ടാറ്റാ എന്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇതാണ് പിന്നീട് ടെറി ആയത്) ഡയറക്ടര്‍ ജനറല്‍ ആയി. 

ഗവേഷണ ഫല മാര്‍ക്കറ്റിങ്ങിലൂടെ ടെറിയെ സ്വയംപര്യാപ്ത സ്ഥാപനമായി മാറ്റിയതു പച്ചൗരിയുടെ ശ്രമങ്ങളായിരുന്നു. അതിനു പിന്നാലെയാണ് ഐ.പി.സി.സിയിലേക്കു എത്തുന്നത്. അന്തരീക്ഷ പഠന വിദഗ്ധര്‍, സമുദ്ര ഗവേഷകര്‍, മഞ്ഞു ഗവേഷകര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി ആയിരകണക്കിനു പേരടങ്ങുന്ന സമിതിയുടെ അധ്യക്ഷനായി. 

ഭൂമിക്കും മനുഷ്യനും ഹാനികരമായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങള്‍ അദ്ദേഹത്തെ നോബേല്‍ പുരസ്‌കാരത്തിനും അര്‍ഹനാക്കി. 110ഓളം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഒരേദിശയില്‍ നയിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം ശ്രദ്ധേയമായി. 

Other News