റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി


OCTOBER 8, 2019, 6:50 PM IST

ബോര്‍ഡിയോക്‌സ് (ഫ്രാന്‍സ്):വിവാദകുരുക്കില്‍ പെട്ട റഫാല്‍ യുദ്ധവിമാനം ഒടുവില്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരീസില്‍നിന്ന് മെറിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും വ്യോമസേനയെ കലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കിയ ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  തുടര്‍ന്നും ഇത്തരം നവീകരണപ്രവര്‍ത്തനങ്ങളുണ്ടാകും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്.റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു. അതിനുശേഷം റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി.

ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. വ്യോമസേനാ ദിനം പ്രമാണിച്ച് എല്ലാ വ്യോമസേനാംഗങ്ങളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങുകളില്‍ പങ്കെടുത്തു.

ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കി അവസാന നിമിഷ തീരുമാനത്തിലൂടെ 30,000 കോടി രൂപയുടെ അനുബന്ധകരാര്‍ അനില്‍ അംബാനിയ്ക്ക് നല്‍കിയതാണ് റാഫാല്‍ കരാറിനെ വിവാദത്തിലാക്കിയത്. സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ അനില്‍ അംബാനിക്ക് പിടിവള്ളിയായി രാജ്യതാല്‍പര്യത്തെ ഉപയോഗിക്കുകയായിരുന്നെന്നും ഈ കരാറിന് മാത്രമായി തട്ടിക്കൂട്ടിയതാണ് അനില്‍ അംബാനിയുടെ കമ്പനിയെന്നും ആരോപണമുണ്ടായി റഫാല്‍ ഇടപാടുവഴി കമ്പനി അധികവരുമാനം നേടിയത് ഒരുലക്ഷം കോടിയിലധികം രൂപയായിരുന്നു. തുടര്‍ന്ന് മോഡി സര്‍ക്കാറിനെതിരെ നിരവധി ആരോപണങ്ങളുമായി കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും രംഗത്തെത്തി.

Other News