മുത്തലാഖ് ബില്‍ രാജ്യസഭ പാസ്സാക്കി


JULY 30, 2019, 8:07 PM IST

ന്യൂഡല്‍ഹി:  കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നത് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ വോട്ടിനിട്ട് തള്ളി രാജ്യസഭ  മുത്തലാഖ് നിരോധന ബില്‍ പാസ്സാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം ബില്ലിന്റെ ഉള്ളടക്കമാണെന്നും ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും ബില്‍  അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികള്‍,ടിആര്‍എസ്, ടിഡിപി കക്ഷികള്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിര്‍ക്കുന്നതായി സഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു മുന്‍പായി ജെഡിയു പറഞ്ഞു. തുടര്‍ന്ന് 121 വേണ്ടിടത്ത് 92 ആയി ഭൂരിപക്ഷം കുറച്ചുകൊണ്ടുവരികയായിരുന്നു. അതേടെ ബില്‍ പാസ്സായി.

നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും  ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

Other News