റിപ്പബ്ലിക്ക് ടി വി അവതാരകയോട് ക്യാമറ ഓഫാക്കാനാവശ്യപ്പെട്ട് രാകേഷ് ടികായത്ത്


NOVEMBER 24, 2021, 7:49 PM IST

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനോട് പ്രതികരിക്കാതെ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞ് രാകേഷ് ടികായതിനെ സമീപിച്ചത്. മറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപ്പബ്ലിക് അവതാരകയോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

അവതാരിക മൈക്കുമായി സമീച്ചെങ്കിലും 'നിങ്ങളോട് സംസാരിക്കില്ലെന്ന്' അദ്ദേഹം തീര്‍ത്തു പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുന്ന അര്‍ണാബ് ഗോസ്വമിയാണ് റിപ്പബ്ലിക് ചാനലിലെ പ്രധാനി. കര്‍ഷകസമരത്തെ നിരവധി തവണ അര്‍ണബ് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് നിയമം പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

Other News