മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു


SEPTEMBER 8, 2019, 11:20 AM IST

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവിൽ ആർജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്പേയി സർക്കാരിൽ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടക്കാലത്ത് ബിജെപിയിൽ നിന്ന് രാജിവെച്ചു. രാം ബൂൽചന്ദ് ജഠ്മലാനി എന്നാണ് മുഴുവൻ പേര്.

സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ജഠ്മലാനി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖർപുറിൽ 1923-ലായിരുന്നു ജനനം. വിഭജനത്തെ തുടർന്ന് മുംബൈയിലേക്ക് താമസം മാറ്റി. 17-ാം വയസിൽ നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടതടക്കം സുപ്രധാന കേസുകളിൽ പങ്കാളിത്തം വഹിച്ചിട്ടിട്ടുണ്ട്.

രത്ന ജഠ്മലാനി, ദുർഗ ജഠ്മലാനി എന്നിവർ ഭാര്യമാരാണ്. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകരാണ്.

Other News