ഇന്ത്യ ആര്‍സിഇപി കരാറില്‍ നിന്ന്  ഒഴിവായത് പരിവാര്‍ സമ്മര്‍ദ്ദം മൂലം 


NOVEMBER 8, 2019, 2:48 PM IST

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) വ്യാപാര കരാറില്‍ ഒപ്പുവെക്കാതെ ഇന്ത്യ പിന്മാറിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഒരു മുഖ്യ കാരണമായിരുന്നു.

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഭാഗമായുള്ള സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം), ഭാരതീയ മസ്ദൂര്‍ സംഘ്  (ബിഎംഎസ്) തുടങ്ങിയ സംഘടനകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ട്രേഡ് യുണിയനുകള്‍ക്കുമൊപ്പം അണിനിരന്നപ്പോഴാണ് കരാറില്‍ ഒപ്പ് വയ്ക്കേണ്ട എന്ന തീരുമാനത്തില്‍ മോഡി സര്‍ക്കാര്‍ എത്തിയത്.

ഇന്ത്യക്ക് വിപണി ലഭ്യതയും തീരുവ തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമെന്ന വിശ്വസനീയമായ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിലാണ് ഒപ്പുവെക്കാതിരുന്നതെന്നാണ് പക്ഷെ ഔദ്യോഗിക വിശദീകരണം. കരാര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഘടക സംഘടനകള്‍, പ്രതിപക്ഷ പര്‍ട്ടികള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ നരേന്ദ്ര മോഡി ഗവണ്മെന്റ് നേരിട്ടിരുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തിന് അതിന്റെതായ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.ഭരണകക്ഷിയായ ഭാരതീയ ജനത പാര്‍ട്ടിക്ക് (ബിജെപി) രണ്ടു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്നതിന്നിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നതേയുള്ളു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനു രണ്ടാഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുമുള്ളൂ.കരാറിന്റെ ഫലമായി ഇന്ത്യന്‍ വിപണി തുറന്നിട്ടു കൊടുക്കേണ്ടി വരുമ്പോള്‍ അതനുസരിച്ച് ചൈനയെപ്പോലുള്ള വിപണികളില്‍ ഇന്ത്യക്ക് അവസരങ്ങള്‍ ലഭിക്കുമെന്ന ഉറപ്പൊന്നുമില്ല.

ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.ഇന്ത്യന്‍ വിപണി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറയുകയില്ലെന്നുള്ള ഒരുറപ്പും ഇന്ത്യക്ക് ലഭിച്ചില്ലെന്നും അങ്ങനെയൊരു സാഹചര്യം ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ദോഷകരമായി മാറുമെന്നുമാണ് ചര്‍ച്ചകളുമായി ബന്ധപ്പെട്ടിരുന്ന കേന്ദ്രങ്ങള്‍ പറയുന്നത്. ആര്‍സിഇപിയുടെ ഭാഗമാകുന്നതിനെതിരെ ഇന്ത്യന്‍ വ്യവസായങ്ങളുടെ പ്രതിനിധികള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉല്‍പ്പാദനക്ഷമതയില്‍ കൂടുതല്‍ മത്സരക്ഷമത പുലര്‍ത്തുന്ന ചൈനയോട് പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയാതെ വരും. അത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ദ്ധിപ്പിക്കും.

സ്വന്തം പാര്‍ട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗവണ്മെന്റിനു കഴിഞ്ഞില്ല. ബിജെപിയുമായി ബന്ധപ്പെട്ട സംഘടനകള്‍  സമീപ ആഴ്ചകളില്‍ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു.ഏറ്റവും രൂക്ഷമായ എതിര്‍പ്പുണ്ടായത് ബിജെപിയുടെ മാതൃ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍എസ്എസ്) മറ്റു രണ്ടു സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം)  ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) എന്നിവയില്‍ നിന്നുമാണ്. ആര്‍സിഇപി സംബന്ധിച്ച തീരുമാനം രാജ്യത്തെ ചെറുകിട ബിസിനസിനും കര്‍ഷകര്‍ക്കും ക്ഷീരോല്‍പ്പന്നങ്ങള്‍ക്കും,ഡേറ്റ സുരക്ഷിതത്വത്തിനും ഉല്‍പ്പാദന മേഖലക്കും അനുകൂലമായിരിക്കണമെന്നാണ് എസ്ജെഎം ആവശ്യപ്പെട്ടത്.

കഴിഞ്ഞ 6 വര്‍ഷങ്ങളില്‍  നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ഗവണ്മെന്റ് ചെയ്ത  പല നല്ല കാര്യങ്ങളെയും നശിപ്പിക്കുന്നതായിരിക്കും കരാറെന്ന്  എസ്ജെഎം മുന്നറിയിപ്പ് നല്‍കി. മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങി വിവിധ തൊഴില്‍ദായക സംരംഭങ്ങളെ അത് നശിപ്പിക്കും. ആര്‍ സി ഇ പി കൂടിയാലോചനകളില്‍ നിന്നും പിന്‍വാങ്ങിയ ശേഷം ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പുവെച്ചിട്ടുളള സ്വതന്ത്ര വ്യാപാര കരാറുകളും സമഗ്ര പങ്കാളിത്ത കരാറുകളും പുനരവലോകനം ചെയ്യണമെന്നും എസ്ജെഎം ആവശ്യപ്പെട്ടു. 

ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കരാറില്‍ ഒപ്പുവെക്കാതിരുന്നതെന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. ഇത് കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കരുത്തുറ്റ നേതൃത്വത്തിന്റെയും ഏതു സാഹചര്യത്തിലും ദേശീയ താല്‍പ്പര്യം സംരക്ഷിക്കുകയെന്ന നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഫലമായാണ് കരാറില്‍ ഒപ്പുവെക്കാതിരുന്നതെന്നും അത് കര്‍ഷകരുടെയും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെയും ക്ഷീരോല്‍പ്പന്ന,ഉല്‍പ്പാദന മേഖലകളുടെയും ഔഷധ, സ്റ്റീല്‍, കെമിക്കല്‍ വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. 

ഇന്ത്യന്‍ സമ്പദ്ഘടന ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടുകയാണെന്നും ആര്‍ സി ഇ പി കരാറില്‍ ഒപ്പുവെക്കുന്നത് അതിനു മാരകമായ ഒരു പ്രഹരമായി മാറുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞിരുന്നു. ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ്  നല്‍കി.കരാറില്‍ ഒപ്പുവെക്കാതെ പിന്മാറിയ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. അതേസമയം കര്‍ഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി ഗവണ്മെന്റ് കാട്ടുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കുകയും ചെയ്തു.

കര്‍ഷകരുടെയും മല്‍സ്യ തൊഴിലാളികളുടെയും ചെറുകിട,ഇടത്തരം വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങളെ പണയം വെച്ചുകൊണ്ട് ആര്‍ സി ഇ പി കരാറില്‍ ഒപ്പുവെക്കുന്നതിനു ബിജെപി ഗവണ്മെന്റ് വലിയ ആവേശമാണ് കാട്ടിയതെന്നും എന്നാല്‍ ഒപ്പുവെക്കാതെ പിന്മാറിയതിന്റെ നേട്ടം അമിത്  ഷായും മറ്റും വ്യാജമായി അവകാശപ്പെടുകയാണെന്നും കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് പിന്മാറേണ്ടി വന്നതെന്ന് ഓര്‍ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ ട്വീറ്റ്.കരാറില്‍ ഒപ്പുവെക്കേണ്ടതില്ലെന്നു തിങ്കളാഴ്ച ഇന്ത്യ തീരുമാനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പ്രതിപക്ഷത്തെ ഒരു ഡസന്‍ പാര്‍ട്ടികളെങ്കിലും അതിനെതിരെ രംഗത്തു വന്നിരുന്നു.

ഇന്ത്യന്‍ സമ്പദ്ഘടന 'താറുമാറായി കിടക്കുന്ന' അവസ്ഥയില്‍ വലിയ ദോഷങ്ങളുണ്ടാക്കുന്നതായ കരാറില്‍ പങ്കാളിയാകരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.  ചൈനയുമായുള്ള പരസ്പര നടപടികളുടെ അഭാവത്തില്‍ ഇന്ത്യക്ക് കരാര്‍ വലിയ വ്യാപാര കമ്മിയുണ്ടാക്കുമെന്നതായിരുന്നു ഏറ്റവും ആശങ്കാജനകമായ കാര്യമെന്ന് യുകെയിലെ മുന്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ജെമിനി ഭഗവതി പറഞ്ഞു. ഇതുതന്നെയാണ് കരാറില്‍ നിന്നും ഇന്ത്യ പിന്മാറുന്നതിനുള്ള പ്രധാന കാരണവും.ഏഷ്യയിലെ ഇന്ത്യയുടെ വ്യാപാര പങ്കാളികളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തുന്നതിനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നതിനും ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും  അദ്ദേഹം പറഞ്ഞു. 

വലിയൊരു അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഭൂമി,തൊഴില്‍, നിയമ പരിഷ്‌ക്കാരങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതല്‍ മുന്നേറേണ്ടതുണ്ടായിരുന്നു.ഇന്ത്യന്‍ രൂപയുടെ അമിതമായ മൂല്യത്തിന്റെ പരിധി കുറക്കുകയും ചെയ്യണമായിരുന്നു.യുഎസുമായുള്ള ഒരു കരാര്‍ ഉണ്ടാകുന്ന പക്ഷം അതിനു അനുബന്ധമായി ആര്‍സിഇപി  പോലുള്ള ഒരു കരാര്‍ ആവശ്യമാണ്. ഏതെങ്കിലും ഒന്നുമാത്രം മതിയാകില്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം  ചെയ്യുമ്പോള്‍ ഒരു ചേരിയായി നിലകൊള്ളുന്ന യൂറോപ്പാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. യൂറോപ്യന്‍ യൂണിയനുമായി ഒരു വ്യാപാര കരാര്‍ രൂപപ്പെടുത്തേണ്ട   സമയം വൈകി. ലാറ്റിന്‍ അമേരിക്ക വിദൂരമായ പ്രദേശമാണെങ്കിലും സമയം പിന്നിടുമ്പോള്‍ അതിന്റെ പ്രാധാന്യമേറും. എന്നാല്‍  അതൊന്നും ഇടക്കാലഘട്ടത്തില്‍ ഏഷ്യയെയും,യൂറോപ്പ് അല്ലെങ്കില്‍ യുഎസ് എന്നിവയെ പിന്നിലാക്കുന്നില്ലെന്നും ഭഗവതി പറഞ്ഞു.

Other News