എ ടി എം നിയന്ത്രണം വരുന്നു; ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള പരിഗണനയില്‍


AUGUST 27, 2019, 9:24 PM IST

ന്യൂഡല്‍ഹി:രാജ്യത്ത്  എ ടി എം ഇടപാടുകള്‍ക്ക് ഇടവേള ക്രമീകരിച്ച് നിയന്ത്രണം വരുന്നു. എ ടി എം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണണിക്കണമെന്ന് ഡൽഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം നിര്‍ദേശിച്ചു.18 ബാങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.  

ഒരു എ ടി എം ഇടപാടിന് ശേഷം കുറഞ്ഞത് ആറുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.ബാങ്ക് തട്ടിപ്പ് തടയാന്‍ നിയന്ത്രണം അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. 

എ ടി എം തട്ടിപ്പുകള്‍ കൂടുതലും രാത്രിയിലും പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ ഈ തട്ടിപ്പ് തടയാമെന്ന് യോഗം വിലയിരുത്തി. 

ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എ ടി എമ്മിലൂടെ നടത്താനാകൂ എന്നതിനുപുറമെ ഇടപാടിന്  മൊബൈല്‍ വണ്‍ടൈം  പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്. 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാനറ ബാങ്ക് ഇപ്പോള്‍ തന്നെ ഒ ടി പി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഇവിടെയും പരീക്ഷിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 980 എ ടി എം തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മുന്‍ വര്‍ഷം ഇത് 911 ആയിരുന്നു. 233 കേസുകളുമായി മഹാരാഷ്ട്രയാണ് തട്ടിപ്പ് കേസുകളില്‍ ഒന്നാം സ്ഥാനത്ത്,179 കേസുകളുമായി ഡൽഹി രണ്ടാം സ്ഥാനത്തും.നേരത്തേ, രാത്രിയുള്ള എ ടി എം സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എസ് ബി ഐ തീരുമാനിച്ചാതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാത്രി 11നും രാവിലെ ആറിനും  ഇടയിലുള്ള എസ് ബി  ഐ  എ ടി എം ട്രാന്‍സാക്ഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 

രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കാണ് ഏറ്റവും കൂടുതല്‍ മോഷണ ശ്രമങ്ങള്‍. ഇതിനൊരു പരിഹരമായാണ് പുതിയ നിർദേശം.എന്നാല്‍ അര്‍ധരാത്രി പണം പിന്‍വലിക്കേണ്ട അടിയന്തരഘട്ടം വന്നാല്‍ നിയന്ത്രണം ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും.ബാങ്കുകളുടെ സമിതിയുടെ നിര്‍ദേശങ്ങൾ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതിയോടെ മാത്രമെ നിര്‍ദേശങ്ങള്‍ നടപ്പാകൂ. 

Other News