ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു


JUNE 26, 2022, 9:15 AM IST

മുംബയ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഔദ്യോഗിക റിലീസിലൂടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

'#ടീം ഇന്ത്യ ക്യാപ്റ്റന്‍ മിസ്റ്റര്‍ രോഹിത് ശര്‍മ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് (RAT) ശേഷം കോവിഡ്-19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ടീം ഹോട്ടലില്‍ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണ്,''- ബിസിസിഐ ട്വിറ്റര്‍ കുറിപ്പ് വ്യക്തമാക്കി..

ജൂലൈ ഒന്നിന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തില്‍ ലെസ്റ്റര്‍ഷയറിനെ നേരിടുന്ന ടീമില്‍ രോഹിത് ശര്‍മ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത രോഹിത്, രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അദ്ദേഹം 25 റണ്‍സ് നേടിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ വര്‍ഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ന് ഇന്ത്യ നേടിയതിന് രോഹിത് ശര്‍മയ്ക്ക് കീഴിലായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ അദ്ദേഹം യഥാസമയം സുഖം പ്രാപിച്ചാല്‍, വിദേശ മണ്ണില്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 2-1 ന് ലീഡ് നേടിയിരുന്നുവെങ്കിലും ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കേണ്ടിവന്നു. ഈ വര്‍ഷം ശേഷിക്കുന്ന ടെസ്റ്റ് മത്സരം പുനഃക്രമീകരിക്കാന്‍ ബിസിസിഐയും ഇസിബിയും തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് മത്സരത്തിന് പുറമെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും പര്യടനത്തില്‍ ഇന്ത്യ കളിക്കും.

Other News