ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ നിര്‍ണായക വിധി നാളെ


NOVEMBER 13, 2019, 3:00 PM IST

ന്യൂഡല്‍ഹി :  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി വ്യാഴാഴ്ച  വിധിപറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്  രാവിലെ 10.30 നാണ് വിധി പുറപ്പെടുവിക്കുക. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ഇതിനെതിരെ സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികള്‍ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും എത്തി. ശബരിമല യുവതീ പ്രവേശന വിധി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി വിധി പറയുന്നത്.

Other News