കോൺഗ്രസ് അധ്യക്ഷനാകേണ്ടത് രാഹുൽ തന്നെയെന്ന് സച്ചിൻ പൈലറ്റ്


SEPTEMBER 21, 2022, 5:13 PM IST

കൊച്ചി: രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. മിക്ക പിസിസികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ വികാരം എഐസിസിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ഇക്കാര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെയും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേയും ഉന്നമിട്ട് അശോക് ഗെലോട്ട് കരുക്കള്‍ നീക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് രാഹുലിനൊപ്പം ജോഡോ യാത്രയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആരൊക്കെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ആര്‍ക്കും നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് പാളയങ്ങള്‍ കൊടുമ്പിരി കൊണ്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കൈമാറിക്കൊണ്ട് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന കടുംപിടുത്തത്തിലാണ് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ശശി തരൂരിനാകട്ടെ, കേരളാ ഘടകത്തില്‍നിന്നുപോലും പിന്തുണയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കെ.സി വേണുഗോപാലിനെയും രാഹുല്‍ ഗാന്ധിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന പൊതുവികാരവും ഇതിനോടകം ഉയരുന്നുണ്ട്.

Other News