ബ്രിട്ടന്‍ പിടിച്ചുവച്ച ഇറാനിയന്‍ ഓയില്‍ ടാങ്കറിലെ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു


JULY 24, 2019, 7:01 PM IST

ന്യൂഡല്‍ഹി: ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടിച്ചുവച്ച ഇറാനിയന്‍ ഓയില്‍ ടാങ്കറിലെ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം. ഇവരുമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പിന്നീട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബ്രിട്ടന്‍ പിടിച്ചുവച്ച എണ്ണടാങ്കര്‍ ഗ്രേസ്-1 ല്‍ 24 ഇന്ത്യന്‍നാവികരുണ്ടെന്നും അതില്‍ മൂന്ന് പേര്‍ മലയാളികളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ അറസ്റ്റിലായത് ആരെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

 ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കലിന് പ്രതികാരമായി ഇറാന്‍ പിടികൂടിയ സ്റ്റേന ഇംപെറോയിലെ നാവികരുടെ മോചനത്തിനായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യയിലെ ഇറാന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി. ഇറാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അവിടെയും ഇതിനായി ശ്രമം തുടരുമെന്ന് മന്ത്രി മുരളീധരന്‍ അറിയിച്ചു.

എന്നാല്‍ സ്‌റ്റേന ഇംപെറോ ഇറാനിയന്‍ മത്സബന്ധനബോട്ടില്‍ ഇടിച്ചുവെന്ന ഇറാന്റെ ആരോപണം ഉടമസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്. പിടിയിലായ നാവികരെ സന്ദര്‍ശിക്കാന്‍ ആരെയും ഇതുവരെ ഇറാന്‍ അനുവദിച്ചിട്ടില്ല.

Other News