നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശം: ശശി തരൂരിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു


JUNE 7, 2019, 12:34 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലെ തേള്‍ ആണെന്ന തേള്‍ പരാമര്‍ശത്തില്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി കോടതിയാണ് ശശി തരൂരിന് ജാമ്യം അനുവദിച്ചത്.

20, 000 രൂപയുടെ സ്വന്തം ബോണ്ടില്‍ അഡിഷണല്‍ ചാഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ആണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയിലെ ബി ജെ പി നേതാവ് രാജീവ് ബബ്ബാര്‍ ആണ് തരൂരിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രാജീവ് ബബ്ബാറിന്റെ പരാതി.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആര്‍ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പമാര്‍ശം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതി സമന്‍സ് അയച്ചിരുന്നു. ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ഡല്‍ഹി കോടതി അയച്ച സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തരൂര്‍ ഹാജരായത്

Other News