അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലിലായ ശശികലയ്ക്ക് മോചനം


JANUARY 28, 2021, 6:50 AM IST

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍ മോചിതയായി.

കൊവിഡ് ബാധിതയായ ശശികല ചികിത്സയില്‍ കഴിയുന്ന ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെത്തിയാണ് പരപ്പന അഗ്രഹാര ജയില്‍ ചീഫ് ജയില്‍ സൂപ്രണ്ട് മോചന ഉത്തരവ് കൈമാറിയത്.

രോഗം ഭേദമാകുന്നത് വരെ ശശികല ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം.കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവല്‍ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി. ജയിലില്‍ മെഴുകുതിരി നിര്‍മാണ യൂണിറ്റില്‍ ശശികലയ്ക്ക് ജോലിയുണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ജോലി ചെയ്തിരുന്നില്ല.

അതിനാല്‍ കൂലി ഇനത്തില്‍ പണം ലഭിച്ചിട്ടില്ല.കഴിഞ്ഞ ആഴ്ച പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ശശികലയ്ക്ക് പനിയും ശ്വാസതടസവുമുണ്ടായതിനെത്തുടര്‍ന്നാണ് അവരെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നാണ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യുമോണിയയും ബാധിച്ചിട്ടുണ്ട്.

Other News