ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതിയുടെ അനുമതി ;  ചരിത്രത്തില്‍ആദ്യം


JULY 31, 2019, 12:33 PM IST

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണ വിധേയനായ ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലയ്ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. സിറ്റിംഗ് ജഡ്ജിക്കെതിരെ ഇത്തരത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നത് ചരിത്രത്തില്‍ ആദ്യത്തേതാണ്. എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യമെഡിക്കല്‍ കോളേജുകളെ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ജസ്റ്റിസ് ശുക്ലയ്ക്കെതിരെയുള്ള ആരോപണം.സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയെന്ന കണ്ടെത്തലിലാണ് സിബിഐ ഇപ്പോള്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് സിബിഐ ഇതിനായി സുപ്രീം കോടതിയെ സമീപിച്ചത്.

2017 ലാണ് ജസ്റ്റിസ് എസ്.എന്‍ശുക്ലയ്ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇതേപ്പറ്റി അന്വേഷിക്കാന്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കുകയും ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ജസ്റ്റിസ് ശുക്ലയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

Other News