പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ വന്‍ വെട്ടിപ്പ് 


JUNE 28, 2019, 2:44 PM IST

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന കോടിക്കണക്കിനു രൂപയുടെ സ്‌കോളര്‍ഷിപ് തുക തട്ടിയെടുക്കുന്നതിന് ഗവണ്മെന്റ് ഉദ്യോഗസ്ഥരും, സ്വകാര്യസ്ഥാപനങ്ങളും, പൊതുമേഖലാ ബാങ്കുകളും തമ്മിലുള്ള ശക്തമായ അച്ചുതണ്ട് പ്രവര്‍ത്തിച്ചിരുന്നതായി സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കണ്ടെത്തി.


ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎല്‍) കുട്ടികള്‍ക്കായി നല്‍കേണ്ട തുകയില്‍ ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായ തോതിലാണ് തട്ടിപ്പ് നടന്നത്. സിബിഐയുടെ ഷിംല ബ്രാഞ്ച് നടത്തുന്ന അന്വേഷണം ആ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. എന്നാല്‍ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നപക്ഷം പാവപ്പെട്ടവരും പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗക്കാരുമായ കുട്ടികളെ ബാധിക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.


ലവ്ലി പ്രൊഫഷണല്‍ യുണിവേഴ്സിറ്റി, കര്‍ണ്ണാടക യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ ഹിമാചല്‍ പ്രദേശ്പോലുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ബിപിഎല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളില്‍നിന്നും രേഖകള്‍ വാങ്ങിവെക്കാറുണ്ടെങ്കിലും അഡ്മിഷന്‍ നല്‍കാറില്ല. പിന്നീട് വിദ്യാഭ്യാസ വകുപ്പിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശമാക്കിയ രേഖകളുടെയും മേല്‍വിലാസങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുന്നു.
ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ ടെഹ്രി ഗ്രാമത്തിലെ 250ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നും രേഖകളെല്ലാം വാങ്ങിയ ശേഷം ഒരാള്‍ക്കുപോലും അഡ്മിഷന്‍ നല്‍കാതിരുന്നത് ഒരുദാഹരണമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നിവടങ്ങളില്‍ ഇത്തരത്തില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. ഈ വിധത്തിലാണ് സ്‌കോളര്‍ഷിപ് തുക തട്ടിച്ചടുത്തത്.


2.5 ബില്യണ്‍ രൂപയുടെ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ് തട്ടിപ്പുമായി ബന്ധപ്പെട്ട് സി ബി ഐ വടക്കേ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുകയുണ്ടായി. പഞ്ചാബ്,ഹര്യാന ,ചണ്ഡീഗഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ 22 വിദ്യാഭാസ സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടന്നു.
സി ബി ഐക്കു പുറമെ യുപിയിലെയും ഉത്തരാഖണ്ഡിലെയും പോലീസും സ്‌കോളര്‍ഷിപ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. യുപിയില്‍ ന്യുന പക്ഷ വകുപ്പും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാവപ്പെട്ട മുസ്ലിംവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് തുക അവിടെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അപഹരിച്ചെടുക്കുകയാണുണ്ടായത്.

Other News