അവന്തിപ്പോരയില്‍ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു; നാല് ഭീകരരെ പിടികൂടി


JANUARY 30, 2023, 4:26 PM IST

ശ്രീ നഗര്‍: ജമ്മു കശ്മീരില്‍ അവന്തിപ്പോരയില്‍ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീന്‍പോറ വനമേഖലയിലെ താവളമാണ് തകര്‍ത്തത്. നാല് ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച നാളുകളായി അതിര്‍ത്തിയില്‍ സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവില്‍ ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയില്‍ കാഴ്ചകള്‍ക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുന്‍നിര്‍ത്തി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് ഭീകരവാദികള്‍ മഞ്ഞുകാലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഭീകര വാദികളുടെ അത്തരത്തിലുള്ള നീക്കത്തിന് ഇത്തവണ താരതമ്യേന കുറവ് വന്നു. എങ്കിലും നുഴഞ്ഞു കയറ്റത്തിന്റെ ഒട്ടനവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അത്തരത്തില്‍ ഒരു സംഘം ഭീകരവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. അവന്തിപ്പോരയിലെ ഹഫൂ നഗീന്‍പോറ വനമേഖലക്ക് ഇടയിലായിരുന്നു ഈ താവളം കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദികള്‍ക്ക് ഒളിച്ചിരിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന താവളമായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. താവളം ലക്ഷ്യമാക്കി എത്തിയ സുരക്ഷാ സേനക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് നടത്തിയ നീക്കത്തിലാണ് നാല് ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തത്. സൈന്യവും പൊലീസും ഒരുമിച്ചായിരുന്നു സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.

ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങള്‍ അടക്കമുള്ള സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിടിയിലായവരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇവരുടെ കൂട്ടാളികള്‍, ഇവരുമായി സഹകരിച്ചിരുന്നവര്‍, ആസൂത്രണം ചെയ്ത പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് വിശ്വാസം. ജമ്മു കാശ്മീരില്‍ അടുത്തിടെ വര്‍ദ്ധിച്ച ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Other News