മോഡി ഗവണ്മെന്റിനെതിരെ വിമര്‍ശനവുമായി ശിവസേന


JUNE 6, 2019, 12:00 PM IST

രണ്ടാം മോഡി ഗവണ്മെന്റിനെതിരെയും ബിജെപി സഖ്യ ശക്തിയായ ശിവസേന ആക്രമണം തുടങ്ങി. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നിവയാണ് ആദ്യ ആക്രമണത്തിന് വിഷയമാക്കിയത്. 'വാചക കസര്‍ത്തുകള്‍' കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കുകയില്ലെന്നാണ് ശിവസേന പറയുന്നത്.
ഒന്നാം മോഡി സര്‍ക്കാരിന്റെ ആദ്യത്തെ 5 വര്‍ഷങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന 10  കോടി തൊഴിലവസരങ്ങള്‍  സൃഷ്ടിക്കുന്നതില്‍ സംഭവിച്ച പരാജയത്തിന് മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെയോ  ഇന്ദിര ഗാന്ധിയെയോ  കുറ്റപ്പെടുത്തിയതുകൊണ്ടു കാര്യമില്ലെന്നു   ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ മുഖപത്രമായ 'സാമ്ന' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച മന്ദീഭവിച്ചതായുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതിന് ശേഷമാണ് ശിവസേനയുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്.
കാര്‍ഷിക മേഖലയിലും ഉല്‍പ്പാദന മേഖലയിലെയും മോശം പ്രകടനം കാരണം 2019  ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള ക്വാര്‍ട്ടറില്‍ വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു. അഞ്ചു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍  6.8% വളര്‍ച്ച മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനമായിരുന്നു വളര്‍ച്ച.
വലിയ വാചക കസര്‍ത്തുകള്‍കൊണ്ടോ  പരസ്യങ്ങള്‍കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും മാന്ദ്യത്തിലായ സമ്പദ്ഘടനയെ രക്ഷിക്കാന്‍ പുതിയ ധനമന്ത്രി പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, നാഗ്പൂരില്‍ സ്ഥാപിക്കുന്ന റിലയന്‍സ്- ദസ്സോ ഫാക്ടറി തുടങ്ങി വലിയ പ്രചാരണം നല്‍കുന്ന പദ്ധതികള്‍ വളരെ കുറച്ചു തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളു. 'മോഡി തലപ്പത്തു വന്നാല്‍ അതിനു കഴിയും' എന്ന മുദ്രാവാക്യത്തെ വിശ്വസിച്ച കോടിക്കണക്കിനു യുവാക്കള്‍ അദ്ദേഹത്തിന് വോട്ടു ചെയ്തു. തൊഴിലവസരങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ് അവസാനിപ്പിക്കുകയും അടുത്ത 5 വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാകണം ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പുതിയ വ്യവസായങ്ങള്‍, തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയൊക്കെ നിര്‍മ്മിക്കുന്നതിന് നിക്ഷേപങ്ങള്‍ ആവശ്യമാണ്. അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും  ജി ഡി പി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.  ഒരിക്കല്‍ തൊഴിലവസരങ്ങള്‍ ഏറെ സൃഷ്ടിച്ചിരുന്ന മേഖലയാണത്. മഹാരാഷ്ട്രയിലെ മാറാത്തവാഡാ  മേഖലയില്‍ കഴിഞ്ഞ 5 മാസങ്ങള്‍ക്കുള്ളില്‍  315  കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.കാര്‍ഷിക മേഖലയില്‍ രാജ്യത്തൊട്ടാകെയുള്ള സ്ഥിതി വളരെ രൂക്ഷമായ ഒന്നാണ്.
തൊഴിലില്ലായ്മ തുടര്‍ന്നാല്‍ അത് ഭാവിയില്‍ അരാജകാവസ്ഥ സൃഷ്ടിക്കും. അതിനെ നേരിടാന്‍ വാചക കസര്‍ത്തുകളും പരസ്യനങ്ങളുമൊന്നും മതിയാകില്ല.മോഡി ഭരണത്തില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല രാജ്യത്തെ തൊഴിലില്ലായ്മയെന്ന് ബിജെപിയുടെ മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിക്കുകയുണ്ടായി.
ഗഡ്കരി പറയുന്നത് ശരിയാണ്. എന്നാല്‍ 5 വര്‍ഷങ്ങള്‍കൊണ്ട് 10  കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനു ജവാഹര്‍ലാല്‍ നെഹ്രുവിനെയോ ഇന്ദിര ഗാന്ധിയെയോ കുറ്റപ്പെടുത്താന്‍ കഴിയില്ല. കേന്ദ്ര ഗവണ്മെന്റ് നടത്തുന്നതായി തൊഴില്‍ നിയമനങ്ങളിലും 30 -40 % കുറവ് സംഭവിച്ചതായി ശിവസേന പത്രം ചൂണ്ടിക്കാട്ടുന്നു.
ചെറുകിട, ഇടത്തരം, മൈക്രോ സ്ഥാപനങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. പൊതു മേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയോ അടച്ചുപൂട്ടപ്പെടുകയോ  ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ നടപ്പാക്കിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള പദ്ധതികള്‍ താഴെതട്ടില്‍  എന്തെങ്കിലും ഫലമുണ്ടാക്കിയോ എന്ന് വിലയിരുത്തപ്പെടണം.
ശിവസേന വിമര്‍ശനമുയര്‍ത്തുന്ന  സാഹചര്യം ശ്രദ്ധേയമാണ്.18 സീറ്റുകളോടെ എന്‍ഡിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനക്ക് പുതിയ കാബിനറ്റില്‍ ഒരു സ്ഥാനം മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി പ്രതീക്ഷിച്ചിരുന്ന മെച്ചപ്പെട്ട വകുപ്പ് ലഭിച്ചതുമില്ല. 2014 ലെ ഘനവ്യവസായ,പബ്ലിക് അണ്ടര്‍ടേക്കിങ് വകുപ്പു തന്നെയാണ് ഇക്കുറിയും ലഭിച്ചത്. സേന നേതാവ് അനന്ത ഗീതെ ആയിരുന്നു 2014  മുതല്‍ 19 വരെയും വകുപ്പ് കൈകാര്യം ചെയ്തത്. 1999 ല്‍ വാജ്പേയി മന്ത്രിസഭയിലും അതെ വകുപ്പുതന്നെയായിരുന്നു ശിവസേനക്കുണ്ടായിരുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി ആയിരുന്നു അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

Other News