ബി ജെ പി ഐ ടി സെല്‍ മേധാവിക്കെതിരെ വനിതകളുടെ മാനനഷ്ട നോട്ടീസ്


JANUARY 21, 2020, 4:52 PM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ദിവസക്കൂലി കിട്ടുന്നുണ്ടെന്ന ആരോപണത്തിനെതിരെ ഷഹീന്‍ ബാഗിലെ വനിതകള്‍. ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെയാണ് വനിതകള്‍ രംഗത്തെത്തിയത്. 

തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും വീഡിയോ പങ്കുവെക്കുകയും ചെയ്ത അമിത് മാളവ്യക്കെതിരെ ഒരുകോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് സ്ത്രീകള്‍ നോട്ടീസ് അയച്ചു. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ദിവസവും 500 രൂപ കിട്ടുന്നുണ്ടെന്ന വീഡിയോയാണ് അമിത് മാളവ്യ പങ്കുവെച്ചത്. ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്. 

സക്കീര്‍ നഗര്‍ സ്വദേശി നഫീസാ ബാനു, ഷഹീന്‍ ബാഗ് സ്വദേശി ഷഹ്‌സാദ് ഫാത്തിമ എന്നിവരാണ് അഭിഭാഷക മെഹമ്മൂച്ച് പ്രച്ച വഴി മാളവ്യക്കെതിരെ നോട്ടീസ് അയച്ചത്. 

പ്രതിഷേധക്കാരെ അപമാനിക്കുന്ന വിധത്തില്‍ ജനുവരി 15നാണ് അമിത് മാളവ്യ വീഡിയോ പങ്കുവെച്ചത്. പ്രതിഷേധക്കാരെ അപമാനിക്കുന്നതാണ് മാളവ്യയുടെ പ്രസ്താവനയെന്നും സ്ത്രീകള്‍ ചൂണ്ടിക്കാട്ടി. 

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ ആര്‍ സിക്കുമെതിരായ സ്ത്രീകളുടെ സമരം ഷഹീന്‍ ബാഗില്‍ ഇതിനകം 36 ദിവസങ്ങള്‍ പിന്നിട്ടു.

Other News