മൊറാര്‍ജി മന്ത്രിസഭയിലെ നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു


JANUARY 31, 2023, 10:10 PM IST

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 

മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന അദ്ദേഹം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയാണ്. 

കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ശാന്തിഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം 1980ല്‍ ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും 86ല്‍ രാജിവെച്ചു. 

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പ്രധാന പങ്കാളിയായിരുന്ന ശാന്തിഭൂഷണ്‍ അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാറിനില്‍ക്കുകയും കടുത്ത വിമര്‍ശകനാവുകയും ചെയ്തു. 

1975ല്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് രാജ് നരെയ്ന്‍ കോടതിയെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. 

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇദ്ദേഹത്തിന്റെ മകനാണ്. 

Other News