തനിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് നിശബ്‌ദയാക്കാൻ :ഷെഹ്‌ല റാഷിദ് 


SEPTEMBER 7, 2019, 1:20 AM IST

ന്യൂഡല്‍ഹി:കാശ്‌മീരി രാഷ്ട്രീയ പ്രവര്‍ത്തകയും ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്‌ലയ്‌ക്കെതിരായ പരാതി.

തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതവും ബാലിശവും ദയനീയവുമാണെന്ന് ഷെഹ്ല പ്രതികരിച്ചു.തന്നെ നിശബ്‌ദയാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഷെഹ്ല ട്വിറ്ററിൽ കുറിച്ചു. 

സുപ്രീംകോടതി അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്‌തവ ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കാശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്‌തിരുന്നു.

കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതോടെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന് ഷെഹ്‌ല ആരോപിക്കുകയും ചെയ്‌തു. എല്ലാം സൈന്യത്തിന്റെ കൈകളിലാണ്. സൈന്യം യുവാക്കളെ പിടിച്ച്‌ കൊണ്ടുപോകുന്നു.കാശ്‌മീർ പൊലീസിന് ക്രമസമാധാന പാലനത്തില്‍ അധികാരമില്ലാത്ത അവസ്ഥയാണ്.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സൈന്യം തള്ളിയിരുന്നു. ഷെഹ്‌ല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നുമാണ് സൈന്യം തിരിച്ചടിച്ചത്. സെക്‌ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസ് ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

Other News