ന്യൂഡല്‍ഹി: യുപി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാക്കള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ബിജെപിയ്ക്കെതിരെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വരും ദിവസങ്ങളില്‍ കുറഞ്ഞത് 10 മന്ത്രിമാരെങ്കിലും യുപി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തിരിച്ചടി നേരിടുന്നത്.
ഇതിനോടകം യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ആറ് എംഎല്‍എമാരാണ് ബിജെപി വിട്ടത്. പാര്‍ട്ടി വിട്ടവരില്‍ മൂന്ന് മന്ത്രിമാരുമുണ്ട്. പിന്നോക്കവിഭാഗത്തില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രാജിവെച്ചവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ നിന്ന് ധരം സിങ് സൈനി കൂടി രാജിവെച്ചതോടെ നാലു ദിവസത്തിനിടെ രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ഇതിനിടെയായിരുന്നു കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം.
രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ഇനിയും കൂടുമെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. അഞ്ച് വര്‍ഷമായി സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുന്ന മനുഷ്യരുടെ കാര്യം നോക്കൂ. ബിജെപിയുടെ കീഴില്‍ ഒരു ജോലിയും നടന്നിട്ടില്ല. സംസ്ഥാനം ഭരിക്കുക എന്നു പറഞ്ഞാല്‍ ഇവന്റ് മാനേജ്മെന്റ് പോലെയല്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. 80- 20 അനുപാതത്തില്‍ വിഭജിക്കുന്നത് ഭരണം കിട്ടാന്‍ ഉപകരിച്ചേക്കും, പക്ഷെ സംസ്ഥാനത്തും രാജ്യത്തും വികസനം ഉണ്ടാകില്ല. സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലാത്ത നിരവധി പേരെ താന്‍ കണ്ടെന്നും സംസ്ഥാനത്ത് മാറ്റം ആവശ്യമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരും ഒബിസി നേതാക്കളും പാര്‍ട്ടി വിടുമ്പോള്‍ കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്ന് വ്യക്തമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു പല നേതാക്കളും പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും ഉടന്‍ തന്നെ പത്ത് മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
സഖ്യം കോണ്‍ഗ്രസുമായി; ശിവസേന 50 മുതല്‍ 100 സീറ്റുകളില്‍ വരെ മത്സരിക്കും
ഉത്തര്‍ പ്രദേശില്‍ 50 മുതല്‍ 100 വരെ സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകനേതാവ് രാകേഷ് ടികായത്തുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ ഇത് രാഷ്ട്രീയയോഗമായിരുന്നില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകരുടെ പോരാട്ടം ഇനിയും തുടരേണ്ടതുണ്ടെന്നും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴു ഘട്ടങ്ങളായാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.