ബി.ജെ.പി.യെ സംസ്ഥാനങ്ങളിൽ ക്ഷീണിപ്പിക്കാൻ മതേതര ഐക്യത്തിന് തയ്യാറാണെന്ന് സി.പി.ഐ. (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി


OCTOBER 18, 2020, 12:22 AM IST

ന്യൂ ഡൽഹി: മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാര്‍ മാതൃകയില്‍ കൂടുതല്‍ സഖ്യങ്ങള്‍ രൂപീകരിക്കും. ബി.ജെ.പിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മാധ്യമമായ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ  ലയനം അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് കൊണ്ടാണ് പാര്‍ട്ടി പ്രസക്തവും സജീവവുമായി നിലനില്‍ക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി പിളര്‍പ്പ് തെറ്റല്ല, അന്നത് ആവശ്യമായിരുന്നുവെന്നും മുൻപ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.(എം) രൂപീകരിച്ചില്ലായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവര്‍ഗ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകള്‍ക്ക് അതു പറ്റില്ല. പിളര്‍പ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എന്നാൽ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുകയെന്നതാണ് ഇപ്പോള്‍ ആവശ്യം. അത് കൂടുതൽ വേഗത്തിലാകണം എന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അവ ഇപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നത് ബി.ജെ.പി. ക്കെതിരെയുള്ള പോരാട്ടത്തില്‍നിന്നു ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. (എം) ഇനെ സംബന്ധിച്ച് 1920 ഒക്ടോബർ 17 ന് താഷ്കന്റിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്. അതേസമയം സിപിഐ കണക്കാക്കുന്നത് 1925 ഡിസംബർ 25 ന് കാൺപൂരിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടകമെന്നാണ്. സി.പി.ഐ. (എം) ഇനെ സംബന്ധിച്ച് ശനിയാഴ്ച പാർട്ടിയുടെ നൂറാം വാർഷികമാണ്.

നിലവിലുള്ള വെല്ലുവിളികളെ നേരിടാന്‍ കമ്യൂണിസ്റ്റ് ശക്തികള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം വേണം. അത്തരമൊരു ഐക്യം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കാർഷിക സമരങ്ങളിലും പ്രവർത്തനങ്ങളിലും കാണാം. കേരളത്തിൽ ഭരണം പങ്കിടുന്നത്. ബിഹാറിൽ മൂന്ന് ഇടത് പാർട്ടികൾ ഒന്നിച്ച് നില്കുന്നത് ഒക്കെ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. നേതാക്കൾ തമ്മിലുള്ള വട്ടമേശ സമ്മേളനങ്ങളെക്കാൾ പ്രധാനം പ്രവർത്തകർ ഒന്നിച്ച് നില്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വർഗീയതയ്‌ക്കെതിരെ മതേതര ഐക്യം പ്രധാനമാണ് എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. 

Other News