ഒരുമിക്കുമോ പ്രതിപക്ഷം


JULY 29, 2021, 8:33 PM IST

സി. ഗൗരീദാസൻ നായർ 

പ്രതീക്ഷയുണർത്തി മമത-സോണിയ കൂടിക്കാഴ്ച്ച പാർലമെൻറിൽ കൈകോർത്ത് 15 പ്രതിപക്ഷ പാർട്ടികൾ പാർട്ടികൾ ഒരുമിച്ചാൽ മാറ്റം സാധ്യമെന്ന് മമതാ ബാനർജി നിതീഷിനെ ബിജെപി സഖ്യത്തിൽ നിന്ന് അടർത്താൻ നീക്കം പ്രതിപക്ഷ നേതൃത്വം ആർക്കെന്നത് ഇപ്പോഴും അവ്യക്തം 

ദേശീയ തലത്തിൽ തകർന്നടിഞ്ഞ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കാനും ബിജെപിക്ക് വെല്ലുവിളി ഉയർത്താനുമുള്ള സാധ്യതകൾ വീണ്ടും തെളിയുന്നു. 

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ദൽഹിയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദൽഹിയിലെ കൂടിക്കാഴ്ച്ചകളും പാർലമെൻറിൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളുടെയടക്കം ഫോൺ ചോർത്തിയതിനെതിരെ 15 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നടത്തുന്ന പോരാട്ടവുമാണ് ഈ പ്രതീക്ഷ ഉയർത്തുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ  ഗാന്ധിയുമായി ബുധനാഴ്ച്ച ചർച്ച നടത്തിയ മമത എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള നേതാക്കളുമായി ചർച്ചകൾക്കായി ദൽഹിയിൽ തുടരുകയാണ്. പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിന്നാൽ വെറും 6 മാസങ്ങൾക്കകം ഇന്ത്യയിൽ രാഷ്ട്രീയമാറ്റം കൊണ്ടുവരാനാകുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ബിജെപിയുടെ 'അച്ഛേ ദിൻ' (നല്ല ദിനങ്ങൾ ) എന്ന മുദ്രാവാക്യത്തിന് ബദലായി ഇനി  'സച്ഛേ  ദിൻ'  (സത്യത്തിന്റെ ദിനങ്ങൾ) എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മമത പറയുന്നു. 1977ൽ കോൺഗ്രസിനെ ചുരുട്ടിക്കെട്ടിയ പ്രതിപക്ഷത്തെ തൂത്തെറിയാൻ ഇന്ദിരാ ഗാന്ധിക്ക് വെറും ഒരു വർഷമേ വേണ്ടിവന്നുള്ളൂവെന്നും അവർ ഓർമിപ്പിക്കുന്നു.

ബംഗാളിൽ ബിജെപിയെ മുട്ടുകുത്തിച്ച ഗ്ളാമറുമായാണ് മമത ദൽഹിയിലെത്തിയിട്ടുള്ളത്. 2018ലും ഇതിന് സമാനമായ ദൗത്യവുമായി അവർ ഡല്ഹിയിലെത്തിയിരുന്നു. എന്നാൽ, അന്ന് അവരുടെ ഐക്യാഹ്വാനം സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. അതിന്റെ ഫലം 2019ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ അനുഭവിക്കുകയും ചെയ്‌തു.    

ദിവസം ചെല്ലും തോറും ദുർബലമാകുന്ന കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തങ്ങൾക്കിടയിൽ അനൈക്യമാണ് ബിജെപിയുടെ വളർച്ചയ്ക്കും സർക്കാരിൻറെ ജനവിരുദ്ധ നടപടികൾക്കും കാരണമാകുന്നതെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഒരുമിച്ച് നിന്നില്ലെങ്കിൽ തങ്ങൾ 2024ലും തൂത്തെറിയപ്പെടുമെന്ന് ഭയപ്പെടുന്നവരും പ്രതിപക്ഷ നേതാക്കൾക്കിടയിലുണ്ട്. 

എന്നാൽ, പ്രതിക്ഷത്തെയാകെ ഒരു വേദിയിൽ കൊണ്ടുവരാൻ കരുത്തുള്ള നേതാക്കൾ അവർക്ക് ഇന്നില്ല.  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കണമെന്ന് തനിക്ക് നിർബന്ധമില്ലെന്ന് മമത വ്യക്തമാക്കിക്കഴിഞ്ഞു. അവരുടെ ഈ വാക്കുകൾ കോൺഗ്രസിനുള്ള വ്യക്തമായ സൂചനയാണ്. നാമമാത്രമായെങ്കിലും കോൺഗ്രസിന്റെ അധ്യക്ഷയായി തുടരുന്ന സോണിയയെയോ അവർക്ക് കൂടെ സ്വീകാര്യമെങ്കിൽ ശരദ് പവാറിനെയോ നേതാവായി അംഗീകരിക്കാൻ തയ്യാറാണെന്നാണ് അവർ നൽകുന്ന സൂചന. 

ഇതിനിടെ ബിഹാറിൽ ബിജെപിയുമായി സഖ്യത്തിൽ തുടരുന്ന നിതീഷ് കുമാറിനെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ ലോക് ദൾ അധ്യക്ഷനും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗത്താല ദേശീയ തലത്തിൽ ഒരു മൂന്നാം മുന്നണി രൂപീകരിക്കാനും നിതീഷ് കുമാറിനെ അതിലേക്ക് ക്ഷണിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ഇരുവരും ദൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും. ഒരു ഏകീകൃത പ്രതിപക്ഷ മുന്നണിക്ക് കോൺഗ്രസ് തയ്യാറാവില്ലെന്ന തിരിച്ചറിവിലാണ് ചൗത്താലയുടെ നീക്കം. എന്നാൽ ഇതിനോട് മറ്റ് പാർട്ടികൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശിൽ ബിജെപിക്കെതിരെ നീക്കമാരംഭിച്ചിട്ടുള്ള ചിരാഗ് പാസ്വാൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരുടെ നിലപാടും നിർണ്ണായകമാകും. ബിഎസ്‌പി നേതാവ് മായാവതി പ്രതിപക്ഷ മുന്നണിയിൽ ഉണ്ടാവുമെന്നതിന് ഒരുറപ്പുമില്ല താനും. ഒരു കാര്യം ഉറപ്പാണ്: കേരളത്തിൽ മാത്രം അധികാരത്തിലുള്ള ഇടതുപക്ഷ പാർട്ടികൾക്ക് മുൻപത്തെ പോലെ പ്രതിപക്ഷമുന്നണി രൂപീകരണത്തിൽ മേൽക്കൈ ഉണ്ടാവില്ല.

Other News