ലോക്സഭാ സ്പീക്കര്‍: ഓറം, എസ്.എസ് അലുവാലിയെ എന്നിവരെ പരിഗണിക്കുന്നു


JUNE 5, 2019, 12:58 PM IST

ന്യൂഡല്‍ഹി:  ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്‍ കേന്ദ്ര മന്ത്രിമാരായ ജുവല്‍ ഓറം, എസ്.എസ് അലുവാലിയെ എന്നിവരെ പരിഗണിക്കുന്നു. ജൂണ്‍ 19 നാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്

17 ാം ലോക്സഭയിലെ എം.പിമാരില്‍ ഏറ്റവും സീനിയര്‍ മനേകാ ഗാന്ധിയാണെങ്കിലും അവര്‍ സ്പീക്കറാകാന്‍ സാധ്യതയില്ലെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒഡീഷയിലെ സുന്ദര്‍ഗഡില്‍ നിന്നുള്ള ലോക്സഭാംഗമാണ് ജുവല്‍ ഓറം. ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന പരിഗണന ജുവല്‍ ഓറത്തിന് സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിക്കുന്നതില്‍ ഗോത്രവിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നു.

ചട്ടങ്ങള്‍ പാലിക്കുന്നതിലുള്ള കര്‍ക്കശ സ്വഭാവമാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്സഭാംഗമായ അലുവാലിയക്ക് സാധ്യത നല്‍കുന്നത്. ന്യൂനപക്ഷ സമുദായംഗമെന്ന ഘടകവും അലുവാലിയ്ക് അനുകൂലമാണ്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്ത് നിന്ന് ബിജെഡിക്ക് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ബിജെഡി നേതാവ് ഭരത്രുഹരി മഹ്താബ് ഡെപ്യൂട്ടി സ്പീക്കറാകാനാണ് സാധ്യത. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്കാണ് നല്‍കിയത്. എഐഎഡിഎംകെ ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണ്.

Other News