പഞ്ചാബില്‍ വ്യാജ മദ്യം കഴിച്ച്  41 പേര്‍ മരിച്ചു


AUGUST 1, 2020, 6:42 AM IST

അമൃത്സര്‍:  വ്യാജമദ്യം കുടിച്ച് പഞ്ചാബിലെ മൂന്ന് ജില്ലകളിലായി രണ്ട് ദിവസത്തിനിടെ 41 പേര്‍ മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടു.

ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബിലെ അമൃത്സര്‍, ബറ്റാല, തന്‍ താരന്‍ ജില്ലകളിലാണ് മരണം നടന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. 20 നും 80 നും ഇടയല്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്.  മരിച്ചവരില്‍ മദ്യ വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ ഒരു സ്ത്രീയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു.

ജൂലൈ 29 രാത്രി അമൃത്സറിലെ തര്‍സിക്കയിലെ മുച്ചല്‍, തന്‍ഗ്ര ഗ്രാമങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പഞ്ചാബ് പോലീസ് മേധാവി  ജനറല്‍ ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം അമൃത്സറിലെ മുച്ചാല്‍ ഗ്രാമത്തില്‍ രണ്ട് പേര്‍ കൂടി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ആശുപത്രിയില്‍ താംഗ്രയില്‍ നിന്ന് കൊണ്ടുവന്ന ഒരാളും മരിച്ചു.

പിന്നീട് മുച്ചല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബറ്റാലയിലും രണ്ട് പേര്‍ മരിച്ചു.

വെള്ളിയാഴ്ച ബറ്റാലയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. ടാര്‍ന്‍ താരനില്‍ നിന്ന് നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

മരണത്തെക്കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ ജലന്ധര്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു.

മുച്ചല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ ഐപിസി 304-ാം വകുപ്പ് (കൊലപാതകത്തിന് നിരക്കാത്ത നരഹത്യയ്ക്ക് ശിക്ഷ), എക്‌സൈസ് നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ പങ്കാളിയെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ മദ്യ നിര്‍മാണ യൂണിറ്റുകളെ കണ്ടെത്തി ഇല്ലാതാക്കാന്‍ തിരച്ചില്‍ നടത്തണമെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം അന്ധ്രയിലെ കുരിച്ചേടില്‍ മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് ലഹരിക്കായി സാനിറ്റൈസര്‍ കഴിച്ച് പത്ത് പേര്‍ മരിച്ചിരുന്നു.

Other News