പാക്കിസ്താന് രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയില്‍


AUGUST 26, 2019, 3:08 PM IST

ഭോപാല്‍: പാകിസ്താന് രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയും  ഭീകര സംഘടനകള്‍ക്ക് ആയുധവും പണവുമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്ത അഞ്ചു പേര്‍ അറസ്റ്റില്‍. മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് ഉള്‍പ്പെടെയുള്ള അഞ്ചു പേരെയാണ് മധ്യപ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രാജ്യരഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.2017ല്‍ സമാനമായ കേസിന് അറസ്റ്റിലായ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിംഗാണ് വീണ്ടും ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പിടിയിലായത്. സംഘത്തിലെ അംഗങ്ങളായ സുനില്‍ സിംഗ്, ശുഭം മിശ്ര എന്നിവരെയും മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.പാകിസ്താനിലെ തീവ്രവാദ ബന്ധമുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചിരുന്നു. പാകിസ്താന്‍ സ്വദേശികളുമായി ഇവര്‍ വാട്‌സാപ്പ് കോളിലൂടെയും മെസേജിലൂടെയുമായിരുന്നു ബന്ധപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സത്‌ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ പണമിടപാട് നടത്തിയ ബാങ്കിങ് വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

Other News