മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തി


SEPTEMBER 19, 2023, 11:28 PM IST

കണ്ണൂര്‍: വംശീയ കാലപത്തെ തുടര്‍ന്ന് ഉപരിപഠനം പാതിവഴിയിലായ മണിപ്പൂരിലെ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ എത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സിന്റിക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാല്‍, ഡോ. രാഖി രാഘവന്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി. പി നഫീസ ബേബി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 

കലാപത്തിന്റെ സാഹചര്യത്തില്‍ മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകള്‍ അനുവദിക്കാന്‍ അടിയന്തിര സിന്റിക്കേറ്റ് യോഗം  തീരുമാനിച്ചിരുന്നു. മണിപ്പൂരിലെ വിദ്യാര്‍ഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. 

തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിക്കുന്നത്. വിവിധ വിഷയങ്ങളില്‍ മണിപ്പൂരില്‍ നിന്നുള്ള 13 വിദ്യാര്‍ഥികളാണ് ആദ്യദിവസം സര്‍വകലാശാലയില്‍ എത്തിയത്. കേരളത്തിലെത്തിയവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും വിവിധ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളാണ്. 

വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തും. പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയവര്‍ക്കും പഠനം തുടരാനാവശ്യമായ സൗകര്യങ്ങള്‍ സര്‍വകലാശാല ഒരുക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ താമസ സൗകര്യവും സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കുമെന്നും സര്‍വകലാശാല അറിയിച്ചു. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ നിലവിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ സര്‍വകലാശാലയിലെ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സമയം നല്‍കും. നിലവില്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

Other News