അഭിമാന പദ്ധതി വന്ദേഭാരതിന്റെ അനുമതിക്ക് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ കാലുപിടിച്ചെന്ന് സുധാംശു മണി


MARCH 18, 2023, 9:18 PM IST

ന്യൂഡല്‍ഹി: റയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ കാലു പിടിച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് ഇന്ത്യയിലെ ആദ്യത്തെ ആധുനിക സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ സൂത്രധാരന്‍ സുധാംശു മണി. ദൈനിക് ഭാസ്‌കറുമായി നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യക്ക് അഭിമാനമായ പുതിയ വന്ദേഭാരതിന് പിന്നിലെ കഷ്ടപ്പാടുകള്‍ അദ്ദേഹം പറഞ്ഞത്. 

വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരത്തിലുള്ള ട്രെയിനിന്റെ മൂന്നിലൊന്ന് ചെലവില്‍ ലോകോത്തര ട്രെയിന്‍ വികസിപ്പിക്കുമെന്ന് തന്റെ സംഘം അവകാശപ്പെട്ടിട്ടും മന്ത്രാലയ ഉദ്യോഗസ്ഥര്‍ സംശയിക്കുകയായിരുന്നു. തങ്ങളുടെ അവകാശവാദം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അവര്‍ കരുതിയെന്നും മണി പറഞ്ഞു.

പല വഴികള്‍ നോക്കി തളര്‍ന്നുപോയ താന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സമീപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 14 മാസത്തിനുള്ളില്‍ ചെയര്‍മാന്‍ വിരമിക്കാനൊരുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ പണി കിട്ടാന്‍ താന്‍ കള്ളം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്റെ റിട്ടയര്‍മെന്റിന് മുമ്പ് ഈ ട്രെയിന്‍ തയ്യാറാകുമെന്നും അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു കള്ളം. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ക്കറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര ശ്രമിച്ചിട്ടും അംഗീകാരം ലഭിക്കുകയോ മറുപടി കിട്ടുകയോ ചെയ്യാതായതോടെയാണ് ചെയര്‍മാന്റെ കാലു പിടിക്കുകയും പദ്ധതിക്ക് അനുമതി നല്‍കിയാല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ എന്നു പറഞ്ഞതെന്നും മണി വിശദമാക്കുന്നു. 

38 വര്‍ഷത്തെ അനുഭവപരിചയമുള്ള റിട്ടയേര്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറാണ് സുധാംശു മണി. 

ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മുന്‍ ജനറല്‍ മാനേജര്‍ എന്ന നിലയില്‍ ട്രെയിന്‍ 18ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണി നേതൃത്വം നല്‍കി. ആവശ്യമായ അനുമതികള്‍ നേടിയെടുക്കുകയും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു അദ്ദേഹം അംഗീകാരം ലഭിച്ചയുടന്‍ സംഘം ഒന്നടങ്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. പദ്ധതിക്ക് പേര് ആവശ്യമായതിനാല്‍ ട്രെയിന്‍ 18 എന്നായിരുന്നു പേര് നല്‍കിയിരുന്നത്. തങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് 18 മാസംകൊണ്ട് ട്രെയിന്‍ ഉണ്ടാക്കിയതെന്നും വിദേശത്താണെങ്കില്‍ അത്തരമൊന്നുണ്ടാക്കാന്‍ മൂന്ന് വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് ട്രെയിന്‍ 18ന് വന്ദേഭാരത് എന്ന പേര് നല്കിയത്. 

ട്രെയിന്‍ കോച്ചുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നായ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ നിന്നും അദ്ദേഹം വിരമിച്ചപ്പോഴേക്കും രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കിയിരുന്നു. അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളില്‍ 300 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുമെന്നാണ് സുധാംശു മണി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സെമി- ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഓട്ടോമാറ്റിക് ഡോറുകള്‍, ജി പി എസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, ഓണ്‍ബോര്‍ഡ് വൈ-ഫൈ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളോടെയാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിന് പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണിത്.

Other News