മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി


OCTOBER 16, 2020, 3:38 PM IST

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍  രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.  ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്യണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഡല്‍ഹി നിവാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംഭവിച്ചു എന്നത് കൊണ്ട് ഭരണം നടക്കുന്നില്ലെന്നാണോ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചോദിച്ചു. ഇത്തരം ആവശ്യവുമായി സുപ്രിംകോടതിയിലേക്ക് വരേണ്ടതില്ല. സിവിലിയന്‍ എന്ന നിലയില്‍ ഹര്‍ജിക്കാരന് രാഷ്ട്രപതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയെ മാത്രം ഒറ്റപ്പെടുത്തി രാഷ്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ആവശ്യം  കോടതി അംഗീകരിച്ചില്ല. 'മഹാരാഷ്ട്ര എത്ര വലുതാണെന്ന് നിങ്ങള്‍ക്കറിയാമോ?' അപേക്ഷ തള്ളിക്കൊണ്ട് സിജെഐ അവരോട് ചോദിച്ചു.

അഭിഭാഷകരായ റിഷാബ് ജെയിന്‍, ഗൗതം ശര്‍മ, സാമൂഹ്യ പ്രവര്‍ത്തകന്‍ വിക്രം ഗഹ്ലോട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ മഹാരാഷ്ട്രയിലെ ക്രമസമാധാനനില മോശമായി. ബോളിവുഡ് നടന്റെ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം, കങ്കണ റനൗത്തിന്റെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ നടപടി, മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മദന്‍ ലാല്‍ ശര്‍മ ആക്രമിക്കപ്പെട്ട സംഭവം എന്നിവരുടെ ആക്രമണം എന്നിവ ഹര്‍ജിക്കാര്‍ ഉന്നയിച്ചു.

സംസ്ഥാനം മുഴുവനും ഇല്ലെങ്കില്‍ മുംബൈയും അയല്‍ ജില്ലകളും സായുധ സേനയുടെ നിയന്ത്രണത്തിലാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Other News