പ്രധാനമന്ത്രിയെ പുകഴ്ത്തി സുപ്രിം കോടതി ജഡ്ജ്


FEBRUARY 22, 2020, 4:29 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പുകഴ്ത്തി രാഷ്ട്രീയ പ്രസ്താവന നടത്തി സുപ്രിം കോടതി ജഡ്ജി. സുപ്രിം കോടതി ജഡ്ജുമാര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനമാണ് പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം വിളിച്ചു വരുത്തിയത്. 

സുപ്രിം കോടതി സീനിയോരിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ജസ്റ്റിസ് അരുണ്‍ മിശ്രയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത്. സുപ്രിം കോടതിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020- ജൂഡീഷ്യറിയും മാറുന്ന ലോകവും പരിപാടിയില്‍ സംസാരിക്കവെയാണ് അരുണ്‍ മിശ്ര പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി സംസാരിച്ചത്. 

മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട ജഡ്ജാണ് മിശ്ര. കൂടാതെ ടെലികോം കമ്പനികള്‍ക്കെതിരായ കേസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ചില കേസുകളും അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ്, ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം തുടങ്ങിയ കേസുകളിലും വിധി പ്രസ്താവിച്ച ജഡ്ജാണ് മിശ്ര.  

ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് പറഞ്ഞ അദ്ദേഹം ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിലും കോണ്‍ഫറന്‍സിനായി അജണ്ട ക്രമീകരിക്കുന്നതിലും പ്രചോദനാത്മകമായ പ്രസംഗം നല്‍കുന്നതിന് ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാം നന്ദി പറയണമെന്നും എടുത്തുപറഞ്ഞു. 

അന്തസുറ്റ മാനുഷിക അസ്തിത്വമാണ് നമ്മുടെ പ്രധാന പരിഗണന. കാലഹരണപ്പെട്ട 1,500 നിയമങ്ങള്‍ ഇല്ലാതാക്കിയതിന് പ്രധാനമന്ത്രിയേയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനേയും അഭിനന്ദിച്ച ജസ്റ്റിസ് മിശ്ര, മോദിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തില്‍ ഉത്തരവാദിത്വമുള്ളതും സൗഹാര്‍ദ്ദപരവുമായ രാജ്യമായി മാറിയെന്നും അഭിപ്രായപ്പെട്ടു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ സാധാരണമാണ്. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറിക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എങ്ങനെയാണ് ഈ രാജ്യം ഇത്ര വിജയകരമായി പ്രവര്‍ത്തിക്കുന്നത് എന്നോര്‍ത്ത് ജനങ്ങള്‍ അത്ഭുതപ്പെടുന്നുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകളില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വികസന പ്രക്രിയയില്‍ പരിസ്ഥിതി സംരക്ഷണം പരമോന്നതമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രിം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടന്‍ സുപ്രിം കോടതി പ്രസിഡന്റ് ലോര്‍ഡ് റോബര്‍ട്ട് ജോണ്‍ റീഡ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലെ ഇരുപതിലേറെ ന്യായാധിപന്‍മാര്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും.

Other News