പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി


MAY 26, 2023, 6:17 PM IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് നടത്തിക്കണമെന്ന് ലോക്സഭാ സെക്രട്ടേറിയേറ്റിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ ജസ്റ്റിസ് സി ആര്‍ ജയസുകിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനപ്രകാരം രാഷ്ട്രപതിയാണ് ഉദ്ഘാടനം നടത്തേണ്ടതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുവാദം നല്‍കാതിരുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

Other News