ടി വി ചാനലുകളിലെ അവതാരകന്റെ റോള്‍ വളരെ പ്രധാനമെന്ന് സുപ്രിം കോടതി


SEPTEMBER 21, 2022, 9:23 PM IST

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ ടി വി ചാനലുകളിലെ അവതാരകന്റെ റോള്‍ വളരെ പ്രധാനമാണെന്ന് സുപ്രിം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് ചാനലുകള്‍ വേദി ഒരുക്കികൊടുക്കുകയാണ്. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരായി തുടരുന്നതെന്നും കോടതി ചോദിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിയമം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ വാദം.

ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നിയന്ത്രിക്കുന്നില്ല. ഇത് ബ്രോഡ്കാസ്റ്റ് ചെയ്യാതിരിക്കുക എന്നത് അവതാരകരുടെ ചുമതലയാണ്. അഭിപ്രായ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടേത് അമേരിക്കയെപ്പോലെ സ്വതന്ത്രമല്ല, പക്ഷേ നമ്മള്‍ എവിടെ കൃത്യമായ രേഖ വരയ്ക്കണമെന്ന് അറിയണമെന്നും സുപ്രിം കോടതി പറഞ്ഞു. 

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്ന ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ ആരെയെങ്കിലും കൊല്ലുന്നത് പോലെയാണ്. ഇത് പല തരത്തില്‍ ചെയ്യാന്‍ സാധിക്കും. ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ നമ്മെ പിടിച്ചുനിര്‍ത്തുന്നു. വിദ്വേഷ പ്രസംഗം കാഴ്ചക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതില്‍ രാജ്യത്ത് നിലവിലുളള നിയമങ്ങള്‍ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ഇതൊരു നിസ്സാര കാര്യമല്ല. സര്‍ക്കാര്‍ എതിര്‍ നിലപാട് സ്വീകരിക്കരുത്. കോടതിക്കൊപ്പം നില്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നവംബര്‍ 23ന് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Other News