ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ യുവതി 'ചൊവ്വാദോഷ'ക്കാരിയോ എന്ന് പരിശോധിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ. ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗത്തോട് ഒരു സ്ത്രീ 'ചൊവ്വാദോഷ'ക്കാരി ആണോ എന്ന് കണ്ടെത്താന്‍ അവളുടെ 'ജാതകം' പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് സുപ്രിം കോടതി സ്‌റ്റേ ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് വഞ്ചിച്ചെന്ന കേസിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ലൈവ് ലോ റിപ്പോര്‍ട്ട് സുപ്രിം കോടതി സ്വമേധയാ സ്വീകരിക്കുകയായിരുന്നു.
ശനിയാഴ്ച നടന്ന പ്രത്യേക ഹിയറിംഗില്‍ ജ്യോതിഷത്തിന് വിഷയവുമായി ബന്ധമില്ലെന്ന് സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതി ഉത്തരവിനെ അസ്വസ്ഥമാക്കുന്നതാണെന്ന് വിശേഷിപ്പിച്ചു.
യുവതിയുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്ന് ആരോപിച്ച് ഇരയെ വിവാഹം കഴിക്കാന്‍ പ്രതികള്‍ വിസമ്മതിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇര 'ചൊവ്വാദോഷക്കാരി' ആയതിനാല്‍ വിവാഹം നടത്താനാകില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ യുവതിക്ക് ചൊവ്വാദോഷം ഇല്ലെന്നാണ് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ലൈവ് ലോ റിപ്പോര്‍ട്ട് അനുസരിച്ച്, കക്ഷികളുടെ പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ കണക്കിലെടുത്ത്, പെണ്‍കുട്ടി ചൊവ്വാദോഷക്കാരിയാണോ അല്ലയോ എന്ന കാര്യം തീരുമാനിക്കാന്‍ ഹൈക്കോടതി ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് നിര്‍ദ്ദേശിച്ചു. പത്ത് ദിവസത്തിനകം ജാതകം ജ്യോതിഷ വിഭാഗം തലവന് നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.