തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍  സുപ്രീം കോടതി പരിശോധിക്കുന്നു


JULY 8, 2019, 12:13 PM IST

പൊതുതെരഞ്ഞെടുപ്പിനു മുമ്പായി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചതും പണം നേരിട്ട് കൈമാറുന്ന പദ്ധതികള്‍ ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര ഗവണ്മെന്റിനും തെരെഞ്ഞെടുപ്പ് കമ്മീഷനും അഞ്ച് സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നോട്ടീസ് അയച്ചു.

പെന്റാപതി പുല്ല റാവു എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് കേന്ദ്ര ഗവണ്മെന്റിനും തെരെഞ്ഞെടുപ്പ് കമ്മീഷനും ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, തെലുങ്കാന, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നോട്ടീസ് അയച്ചത്.

2019ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്ര പ്രദേശിലെ എല്ലൂരു മണ്ഡലത്തില്‍ മത്സരിച്ച റാവു,എന്‍ഡിഎ ഗവണ്മെന്റ് പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും അഞ്ചു സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളും ഭരണത്തിലുള്ള പാര്‍ട്ടികളെ സഹായിക്കും വിധമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങളും പണം നേരിട്ട് കൈമാറുന്ന പദ്ധതികളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങളും നേരിട്ട് പണം കൈമാറുന്ന  പദ്ധതികളും തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കണം. തെരഞ്ഞെടുപ്പിന് ആറ് മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ അവ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കുന്നതിനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഡിസംബറിലാണ് രാജ്യത്തെ 12.50 കോടി കര്‍ഷകര്‍ക്ക് 6000 രൂപ വീതം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കാര്യം ഹര്‍ജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ പ്രഖ്യാപിച്ച പശുപ് കുംകുമ പദ്ധതി, എന്‍ടിആര്‍ ബറോസ, മുഖ്യമന്ത്രി യുവ നെസ്തം എന്നീ പദ്ധതികളും പൊതു പണം  വോട്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് തുല്യമായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു.

Other News