സുഷമ സ്വരാജ് അന്തരിച്ചു; മറയുന്നത് കരുത്തും സൗമ്യതയും സമന്വയിച്ച നേതൃത്വവൈഭവം 


AUGUST 6, 2019, 11:30 PM IST

 

ന്യൂഡൽഹി:കരുത്തും കഴിവുമുറ്റ ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് പൊടുന്നനെയുള്ള അന്ത്യം.ആ​രോ​ഗ്യനില അതീവ  ​ഗുരുതരമായതിനെ തുടർന്ന് സുഷമ സ്വരാജിനെ ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു.


ആരോഗ്യ പ്രശ്‍നങ്ങളുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്‌ച കശ്‌മീർ ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തിയിരുന്നു.പ്രധാനമന്ത്രിക്ക് നന്ദി;കാത്തിരുന്ന ദിവസം എന്നാണ് കശ്‌മീർ ബില്ലിനെക്കുറിച്ച്  സുഷമയുടെ അവസാന ട്വീറ്റ്.


സൗമ്യതയും പ്രാഗൽഭ്യവും സമന്വയിച്ച വനിതാ രാഷ്ട്രീയ നേതാവും മന്ത്രിയുമായി വ്യക്തിമുദ്ര പതിപ്പിച്ചു.ഒന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയും വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണപ്രക്ഷേപണ മന്ത്രിയുമായിരുന്നു. കൈകാര്യം ചെയ്‌ത എല്ലാ വകുപ്പുകളിലും ഔന്നത്യം പുലർത്തി.വിദേശ കാര്യ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകൾ സുഷമ സ്വരാജിനെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധേയയാക്കി.


ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായ സുഷമ ഏഴുതവണ പാർലമെന്റ് അംഗമായിട്ടുണ്ട്.പതിനഞ്ചാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.അനാരോഗ്യം മൂലം ഇത്തവണ പാർലമെന്റിലേക്ക് മത്സരിച്ചില്ല.Other News