സുഷ്മിത ദേവിനെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ച് തൃണമൂല്‍


SEPTEMBER 14, 2021, 9:44 PM IST

കൊല്‍ക്കത്ത: മുന്‍ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവിനെ രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. വനിതാ ഉന്നമനം മുന്‍നിര്‍ത്തിയുള്ള മമത ബാനര്‍ജിയുടെ നീക്കമാണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്തതിന് സുസ്മിത ദേവ് മമത ബാനര്‍ജിയോട് നന്ദി അറിയിച്ചു.

സുഷ്മിത ദേവ് എന്ന വ്യക്തിയ്ക്ക് ലഭിച്ച പദവിയല്ല ഇതെന്നും രാജ്യസഭയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സന്ദേശമാണ് നല്‍ക്കുന്നതെന്നും സുഷ്മിത പറഞ്ഞു.

അസമില്‍ നിന്നും ലോക്സഭയിലേക്ക് പോയ ബംഗാളിയാണ് താനെന്നും മമത ബാനര്‍ജി ഇവിടെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും സുഷ്മിത പറഞ്ഞു. അതേസമയം താന്‍ ജനപ്രതിനിധിയെന്ന നിലയില്‍ കഠിനാധ്വാനം നടത്തുമെന്നും സുഷ്മിത മമതയ്ക്ക് ഉറപ്പ് നല്‍കി.

കഴിഞ്ഞ മാസം 14നാണ് സുസ്മിത ദേവ് കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുഷ്മിതയും നേതൃത്വവും തമ്മിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. അസമില്‍ എ ഐ യു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ സുഷ്മിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് അസമിലെ സിലച്ചാര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭാ എം പിയും ആള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായുമായിട്ടുണ്ട് സുഷ്മിത. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്.

Other News