രാജസ്ഥാനില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്തു കൊന്നു; സംഘര്‍ഷം


JUNE 28, 2022, 8:40 PM IST

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. നഗരത്തില്‍ സംഘര്‍ഷം. 

ഉദയ്പൂരിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റില്‍ ഉച്ചയോടെയാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ കടയില്‍ കയറി രണ്ടുപേര്‍ കത്തി ഉപയോഗിച്ച് തലയറുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം താത്ക്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് 600 പൊലീസുകാരെ വിന്യസിച്ചു. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിഅശോക് ഗെലോട്ട് ആവശ്യപ്പെട്ടു. 

കൊലപ്പെടുത്തുന്ന വീഡിയോയില്‍ കനയ്യലാല്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പ് ഒരാളുടെ വസ്ത്രത്തിന് അളവെടുക്കുന്നത് കാണുന്നുണ്ട്. ക്യാമറയില്‍ പ്രത്യക്ഷപ്പെട്ട കൊലപാതകികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. 

മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി ജെ പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് കനയ്യ ലാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കനയ്യ ലാലിന് ചില സംഘടനകളില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതാിയ പൊലീസ് പറഞ്ഞു. സാഹചര്യം വേദനാജനകവും ലജ്ജാകരവുമെന്ന് വിശേഷിപ്പിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി ശത്രുതയുടെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പറഞ്ഞു. 

സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആരോയും ഒഴിവാക്കരുതെന്ന ഉത്തരവാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ക്രമസമാധാന അഡീഷണല്‍ ഡയറക്ടര്‍ ഹവാസിംഗ് ഘുമാരിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകോപനപരമായ ഉള്ളടക്കമായതിനാല്‍ വീഡിയോ സംപ്രേഷണം ചെയ്യരുതെന്നും ഘുമാരിയ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. വീഡിയോ ഭയാനകമാണെന്നും കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Other News