ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമായ മഴയില്‍ ഇരുപത് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനഞ്ച് പേര് മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാല് വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.ഗുരു (45), രാമനാഥ് (20), ഓവിയമ്മാള്‍ (50), നാദിയ (30), അനന്ദകുമാര് (40), ഹരിസുധ (16), ശിവകാമി (45), വൈദേഗി (20), തിലഗവതി (50), ചിന്നമ്മാള്‍ (70), അറുകാണി (55), രുക്കുമണി (40), നിവേത (18), അക്ഷയ, (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
തിരച്ചില്‍ തുടരുകയാണ്.
അതേസമയം, തമിഴ്നാട്ടില്‍ ആറിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെല്ലൂര്‍, തിരുവണ്ണാമലൈ, രാമനാദപുരം, തിരുനല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവള്ളുര്‍, തൂത്തുക്കുടി, രാമനാഥപുരം മേഖലകളില്‍ സ്കൂളുകളും കോളേജുകളും അവധി ആയിരിക്കും. ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കുഡല്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പുതുച്ചേരിയിലും സ്കൂളുകള്‍ക്ക് അവധി ആയിരിക്കും.
മദ്രാസ് യൂണിവേഴ്സിറ്റിയും തിരുവള്ളുവര്‍ , അണ്ണാമലൈ യൂണിവേഴ്സിറ്റികളും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.അതേസമയം, പുതുച്ചേരിയില്‍ ശങ്കരഭരണി പുഴയുടെ തീരത്ത് താമസിക്കുന്ന ഗ്രാമീണര്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീടൂര് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുമെന്ന് റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കൂഡല്ലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 800 ഓളം ആളുകളെ ഒഴിപ്പിച്ചതായി റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മന്ത്രി ആര് ബി ഉദയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ് നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.