ഡെലിവറി ബോയ് വിവാദത്തിലെ യുവാവിനെതിരെ അശ്ലീലപരാമർശ പരാതിയുമായി തസ്‌ലിമ നസ്രീൻ 


AUGUST 3, 2019, 2:47 AM IST

ന്യൂഡല്‍ഹി: സൊമാറ്റോ ഓര്‍ഡര്‍ വിവാദത്തില്‍ ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലക്കെതിരെ എഴുത്തുകാരി തസ്‌ലിമ  നസ്രീന്‍ രംഗത്ത്. അഹിന്ദുവായതിന്റെ പേരില്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ വേണ്ടെന്നുവെച്ച്‌ വര്‍ഗീയ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരിക്കെയാണ് അമിത് ശുക്ല  തന്റെ ചിത്രത്തിന് അശ്ലീല  കമന്റിട്ട ആളാണെന്ന വെളിപ്പെടുത്തലുമായി തസ്‌ലിമ നസ്രീൻ  രംഗത്തെത്തിയത്.

താൻ ഹവാഡ് യൂണിവേഴ്‌സിറ്റി കെന്നഡി റിസർച്ച് സ്‌കോളറായിരിക്കെ ട്വിറ്ററിൽ തന്റെ ചിത്രത്തിന് താഴെ  അമിത് ശുക്ല അശ്ലീല കമന്റിട്ടെന്നാണ് തസ്‌ലിമ പറയുന്നത്.2013ലാണ് സംഭവം നടന്നതെന്നും തസ്‌ലിമ ട്വീറ്റ് ചെയ്‌തു . "ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌ത ആളാണോ ഇത്? ഇയാള്‍ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലേ? അതോ അഹിന്ദുവായതിനാലാണോ എന്നോട് അപമര്യാദയായി പെരുമാറിയത്"- സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച്‌ കൊണ്ട് തസ്‌ലിമ ചോദിക്കുന്നു.

തസ്‌ലിമയുടെ  ചിത്രത്തിന് താഴെ 'നിങ്ങള്‍ക്ക് നല്ല മാറിടങ്ങളുണ്ട്. എന്റെ കമന്റ് ഇഷ്‌ടമാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് അമിത് ശുക്ല കമന്റ് ചെയ്‌തത്‌.സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത  ശേഷം റദ്ദാക്കാനുണ്ടായ കാരണം വിശദീകരിച്ച്‌ അമിത് ശുക്ലയിട്ട ട്വീറ്റാണ് വൻ വിവാദമായത്. ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്‌തു എന്നാണ് ശുക്ല ട്വീറ്റ് ചെയ്‌തത്. ട്വീറ്റിനെതിരെ നിരവധി പേർ  പ്രതിഷേധവുമായി രംഗത്തെത്തി.

 

ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ് എന്നായിരുന്നു അമിത് ശുക്ലക്ക് സൊമാറ്റോ നല്‍കിയ മറുപടി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ശുക്ലക്കു നോട്ടീസ് അയച്ചിരുന്നു. മതസ്‌പർധ ഉണ്ടാക്കുന്ന രീതിയില്‍ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ജബല്‍പൂര്‍ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

Other News