ന്യൂഡല്‍ഹി: ടാറ്റ പവറിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (ടി പി ആര്‍ ഇ എല്‍) രാജസ്ഥാനിലെ ബിക്കാനീറില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് (കെ എസ് ഇ ബി) വൈദ്യുതി എത്തിക്കുന്ന 110 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി കമ്മീഷന്‍ ചെയ്തതായി അറിയിച്ചു. പദ്ധതി പ്രതിവര്‍ഷം ഏകദേശം 211 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.
കഠിനമായ ഭൂപ്രകൃതി, തീവ്രമായ കാലാവസ്ഥ, 50 ഡിഗ്രിയിലെ താപനില, ഏറ്റവും തണുപ്പുള്ള ശൈത്യകാലം, മണല്‍ക്കാറ്റ്, പ്രതികൂല ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ തുടങ്ങി വിവിധ വെല്ലുവിളികള്‍ക്കിടയിലും പദ്ധതി ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. വൈദഗ്ധ്യമുള്ള ടീമിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും പരിചയസമ്പന്നരായ നേതൃത്വത്തിന്റെയും പിന്തുണയോടെ രാജസ്ഥാനിലെ ഏറ്റവും വേഗത്തില്‍ കമ്മീഷന്‍ ചെയ്ത പദ്ധതികളിലൊന്നാണ് ഈ പ്രോജക്ടെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഹരിത ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ 110 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി സഹായിക്കുമെന്ന് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് സി ഇ ഒ ആശിഷ് ഖന്ന പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരം വലിയ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നത് രാജ്യത്തെ ഹരിത ഊര്‍ജ പരിവര്‍ത്തനത്തിന് ഗണ്യമായ സംഭാവന നല്‍കാനുള്ള ടാറ്റ പവര്‍ റിന്യൂവബിളിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
ഈ ഇന്‍സ്റ്റലേഷന്‍ കൂടി വരുന്നതോടെ ടി പി ആര്‍ ഇ എല്ലിന്റെ മൊത്തം പുനരുപയോഗ ഊര്‍ജ്ജ ശേഷി 6,788 മെഗാവാട്ടിലെത്തി. ഇതില്‍ 3,106 മെഗാവാട്ട് സൗരോര്‍ജ്ജവും 941 മെഗാവാട്ട് കാറ്റാടി വൈദ്യുതിയും ഉള്‍പ്പെടുന്ന സൗരോര്‍ജ്ജത്തില്‍ 4,047 മെഗാവാട്ട് സ്ഥാപിത ശേഷി ഉള്‍പ്പെടുന്നു.