തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി വിട്ട 12 എം.എല്‍.എ മാരുടെ ടി.ആര്‍.എസുമായുള്ള ലയനം സ്പീക്കര്‍ അംഗീകരിച്ചു


JUNE 7, 2019, 1:36 AM IST

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാ കനത്ത പരാജയത്തിന്റെ ആഘാതം മാറും മുമ്പ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ശുഷ്‌കിക്കുന്നു. പാര്‍ട്ടിയുടെ 12 എം.എല്‍.എ മാര്‍ ഭരണപക്ഷമായ ടി.ആര്‍.എസില്‍ ലയിക്കുന്നതു സംബന്ധിച്ച് നല്‍കിയ നിവേദനം സ്പീക്കര്‍ ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചു. കോണ്‍ഗ്രസിന് തെലങ്കാനയില്‍ 18 എം.എല്‍.എ മാരാണ് ഉണ്ടായിരുന്നത്. ലയനത്തിനു തയാറായി വന്നവര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് ഉള്ളതു കൊണ്ട് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ ഇതുള്‍പ്പെടില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 

നിയമസഭയില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ അംഗങ്ങള്‍ക്കൊപ്പം ഇവര്‍ക്ക് സീറ്റ് നല്‍കിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ലയനം  റദ്ദാക്കപ്പെട്ടില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു നഷ്ടമായേക്കും. ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് നിയമസഭയില്‍ ഏഴ് അംഗങ്ങളുണ്ട്.

ഭരണപക്ഷം രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 


Other News