ഗുജറാത്തില്‍ ഭീകരാക്രമണ ഭീഷണി; തുറമുഖങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം


AUGUST 29, 2019, 4:26 PM IST

ഗാന്ധിനഗര്‍: പാകിസ്ഥാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഇന്ത്യന്‍ തീരത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഇതേ തുടര്‍ന്ന് ഗുജറാത്തിലെ തുറമുഖങ്ങള്‍ക്ക് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഹറാമി നാലാ ഉള്‍ക്കടല്‍ മാര്‍ഗമാണ് ഇവര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. സുരക്ഷാ ഏജന്‍സികളോട് ജാഗ്രത പാലിക്കണമെന്നും തുറമുഖങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

.ഹറാമി നാലാ സമുദ്ര മേഖലയില്‍ രണ്ട് പാകിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും സംശയകരമായ രീതിയിലുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ഇതേ തുടര്‍ന്നാണ് ഗുജറാത്ത് തീരപ്രദേശത്തും, തീരത്തിന് അടുത്ത് നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്.സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡിനെയോ മറൈന്‍ പോലീസിനെയോ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കടലിലൂടെ വീണ്ടും അക്രമണപദ്ധതികളുമായി പാകിസ്ഥാന്‍ ഭീകരരായ ജയ്‌ഷെ മുഹമ്മദിന്റെ സംഘം ഒരുങ്ങുന്നതായ സൂചന ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2008ലെ മുംബൈ ആക്രമണത്തിന് ശേഷം കടലിലൂടെ തന്നെ ഭാരതത്തെ ആക്രമിക്കാനുള്ള നീക്കം സമര്‍ത്ഥമായി നേരിട്ടുതന്നെ തകര്‍ക്കുമെന്നും നാവികസേനാ മേധാവി അന്ന് വ്യക്തമാക്കിയിരുന്നു.

Other News