കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിര്‍ദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന്


OCTOBER 1, 2022, 5:30 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിര്‍ദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവര്‍ക്കു പുറമെ കെ.എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും.

എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 14 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ശശി തരൂര്‍ അഞ്ചും കെ.എന്‍ ത്രിപാഠി ഒരു സെറ്റും പത്രികയും നല്‍കിയിട്ടുണ്ട്.

നെഹ്റു കുടുംബത്തിന്റെ പിന്തുണയാണ് ഖാര്‍ഗെയുടെ ബലം. ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന സന്ദേശം പി.സി.സികളില്‍ എത്തുന്നതോടെ, രാഹുല്‍ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍ ഖാര്‍ഗെയ്ക്കു പിന്തുണ നല്‍കുമെന്നുറപ്പാണ്.

എന്നാല്‍, പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് മോഡല്‍ പ്രചാരണത്തിനാണ് തരൂര്‍ ഒരുങ്ങുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തുന്ന തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടി കാഴ്ച നടത്തും.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ശശി തരൂര്‍ . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ പിന്തുണ തന്നെ സന്തോഷിപ്പിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തന്റെ വിയോജിപ്പുകളെ സംബന്ധിച്ച് ചില സൂചനകളും ശശി തരൂര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ നേതാക്കളുടേയും പിന്തുണ താന്‍ ആഗ്രഹിച്ചെങ്കിലും അത് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു. കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാന്‍ താനില്ലെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്

താന്‍ യഥാര്‍ത്ഥ നെഹ്റു ലോയലിസ്റ്റാണെന്ന് തരൂര്‍ ഊന്നിപ്പറയുന്നു. വളരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ലോയല്‍റ്റിയുടെ പ്രശ്നം എവിടെയാണ് വരുന്നതെന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു. 2024-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നും ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ ശശി തരൂരെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍. ബിജെപിയെ നേരിടാന്‍ കഴിവുള്ളയാളാണ് ശശി തരൂര്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ശബരീനാഥന്‍ പറഞ്ഞു

'കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് വരുന്നത്. നെഹ്റു കുടുംബം തന്നെയാണ് അതിന് വഴിയൊരുക്കിയത്. കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞത് സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു. അതിന് ശേഷം ആരാണ് അധ്യക്ഷനാകുക എന്ന ചോദ്യം വന്നു. അതിനെന്തുകൊണ്ടും യോഗ്യനായ ആളാണ് ശശി തരൂര്‍.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ അജണ്ടകളെ ഏറ്റവും കൃത്യമായി എതിര്‍ക്കുന്ന രണ്ടാളുകളാണ് ശശി തരൂരും രാഹുല്‍ ഗാന്ധിയും. കോണ്‍ഗ്രസിന്റെ ചരിത്രം ഇന്നത്തെ കാലത്തെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ ശശി തരൂരിനാകും

ആ ചരിത്രത്തിന് ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി, ഭാവിയില്‍ എന്താണ് എന്നൊക്കെ നയരൂപം നടത്തണമെങ്കിലും ഏറ്റവും കഴിവുളളയാള്‍ ശശി തരൂരാണ്. ബിജെപിയെയും ആംആദ്മിയെയും തുല്യമായി ആക്രമിച്ച് കോണ്‍ഗ്രസിനെ വളര്‍ത്താന്‍ അദ്ദേഹത്തിനാകും'. ശബരീനാഥന്‍  പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശശി തരൂരിനെ പിന്തുണച്ച് നിര്‍മാതാവ് ആന്റോ ജോസഫും രംഗത്തുവന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വമാണ് ശശി തരൂരെന്ന് ആന്റോ ജോസഫ് വിശേഷിപ്പിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അഥവാ അദ്ദേഹം തോറ്റാലും പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ആന്റോ ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തരൂര്‍ മത്സരത്തില്‍ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ടെന്ന് ആന്റോ ജോസഫ് കുറിപ്പില്‍ പറയുന്നു. പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. 'ഫ്‌ളോര്‍ ലീഡര്‍' എന്ന പദവിയിലേക്ക് വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതല്‍ ദൃഢമാകും. തരൂരിന്റെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കാറുണ്ടെന്നും തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരികയാണെന്നും ആന്റോ ജോസഫ് കുറിച്ചു.

Other News